Kerala
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കോമളകുമാരിയുടെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും.
വൈകുന്നേരം നാലിന് പൂജപ്പുര മൈതാനത്ത് നടക്കുന്ന ചടങ്ങിലാണ് അഞ്ചു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരും പ്രതിപക്ഷനേതാവും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. പദ്ധതിയുടെ വിജയത്തിനായി സഹകരിച്ച വ്യക്തികളെയും സംഘടനകളെയും ആദരിക്കും.
'മനസോടിത്തിരി മണ്ണ്' പദ്ധതിക്കായി 2.61 ഏക്കർ ഭൂമി സംഭാവന ചെയ്ത കെ സുകുമാരൻ വൈദ്യരെയും, ലൈഫ് മിഷന് പിന്തുണ നൽകിയ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ലയൺസ് ഇന്റർനാഷണൽ തുടങ്ങിയ സംഘടനകളെയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും.
ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച ആകെ 6,04,046 വീടുകളിൽ 5,00,364 വീടുകളുടെ നിർമാണമാണ് ഇതുവരെ പൂർത്തിയാക്കിയത്.
Kerala
തൃശൂർ: പട്ടയമേള സംസ്ഥാനതല ഉദ്ഘാടനം 26നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30നു ടൗണ്‍ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
മന്ത്രി ഡോ. ആർ. ബിന്ദു, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മേയർ ഡോ. നിജി ജസ്റ്റിൻ, പി. ബാലചന്ദ്രൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പെരുന്നാളിന് മൂന്ന് ദിവസത്തെ അവധി ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയത്തുൽ ഉലമ. കുറഞ്ഞത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമസ്ത നിവേദനം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് പെരുന്നാളിന് നിലവിൽ ലഭിക്കുന്ന ഒന്നോ രണ്ടോ ദിവസത്തെ അവധി ആഘോഷങ്ങൾക്കും കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും അപര്യാപ്തമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനത്തിൽ പാസാക്കിയ പ്രധാന പ്രമേയങ്ങളിലൊന്നായിരുന്നു കൂടുതൽ അവധി ദിവസങ്ങൾ.
ഗൾഫ് രാജ്യങ്ങളിലേതിന് സമാനമായി കേരളത്തിലും അവധി മൂന്ന് ദിവസമായി ഉയർത്തണമെന്നാണ് ആവശ്യം. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മുശാവറ അംഗം അസ്ഗറലി ഫൈസി തങ്ങൾ, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ എന്നിവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.
മുസ്ലിം സമുദായത്തിന്റെ സാഹചര്യങ്ങൾ പരിഗണിച്ച് അവധി കലണ്ടറിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകണമെന്നാണ് സമസ്ത നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്.
Leader Page
ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ട രണ്ടു ദിനങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ലൈഫ് മിഷൻ മുഖേന പത്തുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം വീടുകൾ പൂർത്തീകരിച്ചെന്ന പ്രഖ്യാപനം. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്കായി കൽപ്പറ്റയിൽ സർക്കാർ നിർമിച്ച ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം. ഇത് രണ്ടും കേവലമായ ചടങ്ങുകളല്ല. മനുഷ്യന്റെ അതിജീവനത്തെയും ജീവനോപാധികളെയും ഉറപ്പാക്കുന്ന സാമൂഹിക ഇടപെടലുകളുടെ സാക്ഷാത്കാരമാണ്.
സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതിൽ സുരക്ഷിതമായ വീടും എന്നത് സാധാരണ മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നമാണ്. ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഏകോപിതമായ രൂപം എന്ന നിലയിലാണ് 2017ൽ സംസ്ഥാന സർക്കാർ ലൈഫ് മിഷൻ ആരംഭിച്ചത്. ഭവന നിർമാണത്തെ ഒരു ക്ഷേമപദ്ധതിയായി മാത്രമല്ല, ഒരു അവകാശമായി കൈകാര്യം ചെയ്തു. അഞ്ചു ലക്ഷം വീടുകൾ എന്ന അഭിമാന സംഖ്യയിൽ നേട്ടം എത്തുന്പോൾ എണ്ണപ്പെടുന്നത് ചുവരുകളും മേൽക്കൂരകളും അല്ല. ഇരുപതു ലക്ഷത്തിൽപരം മനുഷ്യരുടെ ജീവിതമാണ്.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മനുഷ്യന്റെ നിസഹായതയുടെ ആഴം കാണിച്ച ദുരന്തമായിരുന്നു. പ്രകൃതിയുടെ താണ്ഡവത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണുനീർ നമ്മുടെയാകെ വേദനയായി. ഇന്ന് കൽപ്പറ്റ പട്ടണത്തിനു സമീപം ഉയർന്ന ടൗണ്‍ഷിപ്പ് സാങ്കേതികമായി ഒരു കെട്ടിടസമുച്ചയം ആണെന്ന് വിശേഷിപ്പിക്കാമെങ്കിലും അത് ‘ആരും ഒറ്റയ്ക്കല്ല’ എന്ന സമൂഹത്തിന്റെ ഉറച്ച വാക്കാണ്. ദുരന്തനിവാരണവും പുനരധിവാസവും വെറും അടിയന്തര സഹായമായി ഒതുങ്ങാതെ, മാന്യമായ ജീവിതത്തിലേക്കുള്ള പൂർണ പുനഃപ്രവേശനമാകണം എന്ന തീരുമാനത്തിന്റെ പ്രായോഗിക രൂപമാണ് അത്.
കിടപ്പാടമില്ലാത്തവർക്ക് വീടും ദുരന്തബാധിതർക്കു സുരക്ഷിതമായ പുനരധിവാസവും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ യാഥാർഥ്യമാകുന്പോൾ, പറഞ്ഞത് ചെയ്യും എന്ന വാക്കാണ് പാലിക്കപ്പെടുന്നത്. നാടിന്റെ വികസനം എന്നത് കൂട്ടിയും കിഴിച്ചും അവതരിപ്പിക്കുന്ന കണക്കുകളല്ല; മറിച്ച് പിന്നിലായവരെ മുന്നിലാക്കുന്നതാണ് എന്ന തിരിച്ചറിവാണ് ഈ നേട്ടങ്ങളുടെ അടിസ്ഥാനം. ഇതിനെ ഭരണനേട്ടത്തിന്റെ ആഘോഷം മാത്രമായി കാണുന്നതിന് പകരം മനുഷ്യജീവിതത്തിന്റെ ഗൗരവവും മനുഷ്യത്വത്തിന്റെ പ്രാധാന്യവും സംരക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവായി സർക്കാർ കാണുകയാണ്. നാടിന്റെ പല ഭാഗങ്ങളിലും ദുരന്തങ്ങൾ സംഭവിക്കാറുണ്ട്; പുനരധിവാസ വാഗ്ദാനങ്ങൾ ഉയരാറുണ്ട്. എന്നാൽ, വാഗ്ദാനങ്ങൾ വീടുകളായും പുതുജീവിതങ്ങളായും മാറുന്ന ഇടപെടലുകൾ എളുപ്പം കണ്ടെത്താനാവില്ല. ആ അർഥത്തിൽ കേരളത്തിന്റെ ദുരന്തനിവാരണ മാതൃകയും പൊതുവായ ക്ഷേമപ്രവർത്തനങ്ങളും രാജ്യത്തെ ഏറ്റവും തിളക്കമുള്ളതാണ്.
ലൈഫ് ഭവനപദ്ധതി
സന്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷൻ. 2026 ഫെബ്രുവരി 21 വരെ 6,04,046 കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ ഭവനനിർമാണ ധനസഹായം അനുവദിച്ചു. ഇതിൽ അഞ്ചു ലക്ഷത്തിലധികം വീടുകളുടെ നിർമാണം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനമാണ് ഇന്നു നടക്കുന്നത്. സ്വതന്ത്രമായ വീടുകൾക്ക് പുറമെ ഭവന സമുച്ചയങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. നാല് ഭവനസമുച്ചയങ്ങളുടെ നിർമാണം പൂർത്തീകരിച്ചു. ഒരു ഭവനസമുച്ചയം വിലയ്ക്കു വാങ്ങി ഗുണഭോക്താക്കൾക്ക് കൈമാറി. 10 ഭവനസമുച്ചയങ്ങളുടെ നിർമാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു. ഇതിനുപുറമെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ/സന്നദ്ധ സംഘടനകൾ, പാർട്ട്ണർഷിപ്പ്/ സ്പോണ്‍സർഷിപ്പ് എന്നിവയിലൂടെ 13 ഭവനസമുച്ചയങ്ങളുടെ നിർമാണം പൂർത്തിയാക്കി ഭൂരഹിത ഭവനരഹിതർക്ക് കൈമാറിയിട്ടുണ്ട്.
വിവിധ പദ്ധതികൾ സംയോജിപ്പിച്ച് സമഗ്ര പദ്ധതിയായിട്ടാണ് സംസ്ഥാനത്ത് ‘ലൈഫ്’ നടപ്പിലാക്കുന്നത്. എല്ലാം ചേർത്ത് ഗുണഭോക്താക്കൾക്ക് നാലു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നു. സങ്കേതങ്ങളിലും ദുർഘട പ്രദേശങ്ങളിലും വസിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് ആറു ലക്ഷം രൂപയാണ് ആനുകൂല്യം.
ലൈഫ് ഭവനപദ്ധതിക്കായി 2017-18 വർഷം മുതൽ ഇക്കഴിഞ്ഞ ദിവസം വരെയുള്ള ആകെ ചെലവ് 20,831.60 കോടി രൂപയാണ്. അതിൽ 2,488.90 കോടി രൂപയാണ് കേന്ദ്ര വിഹിതം. ബാക്കി 18,342.70 കോടി രൂപ സംസ്ഥാന വിഹിതമാണ്. അതിൽ ഹഡ്കോയിൽ നിന്നെടുത്ത വായ്പയും ഉൾപ്പെടും. പരിമിതമായി ലഭിക്കുന്ന പിഎംഎവൈ ഗ്രാമീണ, നഗര പദ്ധതികളുടെ വിഹിതം, പിഎംജൻ പദ്ധതിയിൽ നിന്നുള്ള 2.11 കോടി രൂപ എന്നിവ ഒഴിച്ചാൽ നമ്മുടെ സംസ്ഥാനത്തിന്റെ പദ്ധതിയാണിത്.
കേരളം ഇവിടെ വേറിട്ട് നിൽക്കുകയാണ്. ഇത്തരമൊരു സന്പൂർണ പാർപ്പിട-സുരക്ഷാ പദ്ധതി രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ഇല്ല. ഉള്ള ചില പദ്ധതികൾ ഇതുപോലെ ലക്ഷ്യത്തിലെത്തുന്നുമില്ല.
കൽപ്പറ്റ ടൗണ്‍ഷിപ്പ്
വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ലോക മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു. അനവധി ജീവനുകളും സ്വപ്നങ്ങളും നഷ്ടപ്പെട്ട ആ ദുരന്തം സംഭവിച്ച ദിനം മുതൽ തന്നെ സർക്കാർ സാധ്യമായ എല്ലാ ഊർജവും വിനിയോഗിച്ചു. വിവിധ രക്ഷാപ്രവർത്തന ഏജൻസികൾ, സന്നദ്ധസംഘടനകൾ, ജനങ്ങളുടെ നിസീമമായ സഹകരണം -ഇവയെല്ലാം ചേർന്നാണ് ആദ്യഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി പൂർത്തീകരിച്ചത്.
അതിനു പിന്നാലെ, പുനരധിവാസം എന്ന ദൗത്യം സർക്കാർ ഏറ്റെടുത്തു. ദുരന്തബാധിതർക്കു സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റയിലെ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ മാതൃകാ ടൗണ്‍ഷിപ്പ് പടുത്തുയർത്തുകയാണ്. 2025 മാർച്ച് 27ന് തറക്കല്ലിട്ട ഈ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മാർച്ച് ഒന്നിന് നടക്കും.
64.47 ഹെക്ടർ ഭൂമിയിൽ ഉയർന്നുവരുന്ന ഈ ടൗണ്‍ഷിപ്പിൽ ആകെ 410 വീടുകളാണ് നിർമിക്കുന്നത്. ഇതിൽ 178 വീടുകൾ പൂർത്തിയായി. 410 വീടുകളുടെയും പണി തീരുന്നതോടെ 1,662ലധികം ആളുകൾക്ക് സുരക്ഷിത കിടപ്പാടം ലഭ്യമാകും. എന്നാൽ ഇത് വെറും വീടുകളുടെ സമുച്ചയം മാത്രമല്ല. പൊതുറോഡുകൾ, ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സമഗ്ര പാർപ്പിട പദ്ധതിയാണ്. വയനാടിന്റെ ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും പ്രത്യേകതകൾ പരിഗണിച്ചാണ് നിർമാണം നടക്കുന്നത്. കൂടാതെ, ഇവിടെ പണിയുന്ന വീടുകൾ ചെറിയ ഭൂകന്പങ്ങളെ പ്രതിരോധിക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
പുനരധിവാസ പ്രവർത്തനം വീടുകൾ നിർമിച്ചു നൽകുന്നതിൽ ഒതുങ്ങുന്നതല്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഉറപ്പാക്കി. കടമുറികൾ നഷ്ടപ്പെട്ടവർക്ക് ഏഴു ലക്ഷം രൂപ വീതവും ഒന്നിൽ കൂടുതൽ കടമുറികൾ നഷ്ടമായാൽ അധികമുള്ള ഓരോ മുറിക്കും 2.5 ലക്ഷം രൂപ വീതവും അനുവദിക്കുന്നു. സംരംഭകർക്ക് ഉണ്ടായ നഷ്ടത്തിന്റെ 50 ശതമാനം വരെ നഷ്ടപരിഹാരം നൽകും. മാനുഫാക്ചറിംഗ് മേഖലയിൽ പരമാവധി 20 ലക്ഷം രൂപ, സർവീസ് മേഖലയിലാണെങ്കിൽ 10 ലക്ഷം രൂപ, ട്രേഡ് മേഖലയിലാണെങ്കിൽ ഏഴു ലക്ഷം രൂപ എന്നിങ്ങനെയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് അനുവദിക്കുന്നത്.
ദുരന്തബാധിതരുടെ കടബാധ്യതയും സർക്കാർ ഏറ്റെടുത്തു. 155 കുടുംബങ്ങളുടെ 1620 വായ്പകൾ ഏറ്റെടുത്തു. ഇതിന് ഏകദേശം 18.75 കോടി രൂപ ചെലവായി. കേന്ദ്രസർക്കാർ കടബാധ്യത എഴുതിത്തള്ളാൻ കഴിയില്ലെന്ന നിലപാട് എടുത്തപ്പോഴും സംസ്ഥാന സർക്കാർ നിസംഗമായി നിന്നില്ല. കേരള ബാങ്ക് നേരത്തേതന്നെ വായ്പകൾ എഴുതിത്തള്ളിയിരുന്നു. അതിനു പുറമെയുള്ള കടങ്ങൾ തീർക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക കണ്ടെത്തിയത്.
വീട് നഷ്ടപ്പെട്ടവർക്ക് വാടകവീട്ടിൽ കഴിയാൻ ഇതുവരെ 6.16 കോടിയിൽപരം രൂപ നൽകിയിട്ടുണ്ട്. ജീവകാരുണ്യ സഹായമായി ഒരാൾക്ക് 300 രൂപ വീതം 1184 പേർക്ക് വിതരണം തുടരുന്നു; ഇതിനായി ഇതിനകം 17.7 കോടി രൂപ ചെലവായി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് 13 കോടിയിൽപരം രൂപ നഷ്ടപരിഹാരമായി നൽകി. മാതാപിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം ഡിപ്പോസിറ്റായി അനുവദിച്ചു. 958 പേർക്ക് ഇപ്പോഴും ഭക്ഷണ കൂപ്പണുകൾ നൽകുന്നു. സർക്കാർ നിർമിക്കുന്ന ടൗണ്‍ഷിപ്പിൽ വീട് വേണ്ടെന്നു പറഞ്ഞ 14 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകി.
വിവിധ സർക്കാർ വകുപ്പുകളും സർക്കാർ ഇതര ഏജൻസികളും തൊഴിലാളികളും ചേർന്ന ഏകോപിതമായ പ്രവർത്തനഫലമാണ് മാതൃകാ ടൗണ്‍ഷിപ്പ്. ദുരന്തം സംഭവിച്ച് ഒന്നര വർഷത്തിനുള്ളിൽ ഇത്രയും വലിയ പുനർനിർമാണ ദൗത്യം യാഥാർഥ്യമാക്കാൻ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. ദുരന്തങ്ങളെ അതിജീവിച്ച് മുന്നേറുന്ന ഒരു സമൂഹത്തിന്റെ കരുത്തിനും ജനപക്ഷ സർക്കാരിന്റെ പ്രതിബദ്ധതയ്ക്കും തെളിവായി ഈ പദ്ധതി നിലകൊള്ളുന്നു.
കൽപ്പറ്റ ടൗണ്‍ഷിപ്പ് ഉദ്ഘാടനഘട്ടത്തിൽ ആ ദുരന്തത്തെ നമ്മുടെ നാട് എങ്ങനെ നേരിട്ടു എന്നുകൂടി ഓർക്കേണ്ടതുണ്ട്. മഹാദുരന്തത്തിന്റെ ആദ്യ നാളുകളിൽ തന്നെ കേരളം ഒറ്റക്കെട്ടായി ഉയർന്നുനിന്നു. മന്ത്രിമാർ, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സേനാസംവിധാനങ്ങൾ, സന്നദ്ധപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി നാനാ മേഖലകളിൽ നിന്നുള്ളവർ ജീവൻപണയംവച്ച് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നത് നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഉജ്വലമായ ഉദാഹരണമാണ്.
ആ ഘട്ടത്തിൽ തന്നെ, ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ലോകോത്തര നിലവാരത്തിൽ പുനരധിവസിപ്പിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇന്ന്, ആ വാഗ്ദാനം യാഥാർഥ്യത്തിലേക്ക് മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ ചരിത്രനിമിഷം സർക്കാരിന്റെ മാത്രം നേട്ടമല്ല. രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഓരോ കൈയും പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായം നൽകിയ ഓരോ മനസും ചേർന്നുണ്ടാക്കിയ മഹാനേട്ടമാണ്.
ദുരന്തത്തെ അതിജീവിച്ചും വേദനയെ ശക്തിയാക്കി മാറ്റിയും മുന്നേറുന്ന നമ്മുടെ നാടിന്റെ യാത്ര, ഒറ്റക്കെട്ടായി നാം തീർത്ത ഒരു ‘റിയൽ കേരള സ്റ്റോറി’യാണ്. അത് ലോകത്തിന് മുന്നിൽ ഒരു മാതൃകയായി ഉയർന്നുനിൽക്കും. മനുഷ്യസ്നേഹവും ഉത്തരവാദിത്വവും ചേർന്നാൽ ഒരു സമൂഹത്തിന് എത്ര ഉയരത്തിൽ എത്താനാകുമെന്നതിന്റെ തെളിവായി തിളങ്ങി നിൽക്കും.
Kerala
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി സന്ദേശം അയച്ച സംഭവം ഡാറ്റ മോഷണമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.
സ്പാർക്കിൽ നിന്നുള്ള ഡാറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് മോഷ്ടിച്ചു. ചട്ട ലംഘനമാണ് നടത്തിയിരിക്കുന്നത്. 77 ലക്ഷം പേരുടെ ഡാറ്റ ചോർത്തി. ഇതേക്കുറിച്ചു അന്വേഷണം വേണം. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷം പറഞ്ഞു.
Kerala
തിരുവനന്തപുരം: ആരോഗ്യരംഗത്ത് വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് മുൻഗണന. അതിൽ യാതൊരു വിട്ടു വീഴ്ചയും ആരും പ്രതീക്ഷിക്കേണ്ടതില്ല.
വീഴ്ചകളിൽ കർശന നടപടികളുണ്ടാകും. ചില പ്രശ്നങ്ങൾ ഉയന്നു വന്നത് പരിഹരിക്കാൻ ഉത്തരവാദിത്വപൂണമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: സർക്കാരിൽ നിന്ന് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കത്ത് അയച്ചത് ജീവനക്കാരുടെ സ്വകാര്യതാ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
അവരുടെ സമ്മതമില്ലാതെ ചെയ്തതിനാൽ മുഖ്യമന്തിക്കും ഉദ്യോഗസ്ഥർക്കുമെതിരേ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യതാ നിയമത്തെ സർക്കാർ തന്നെ ലംഘിച്ചിരിക്കുകയാണ്. മുമ്പ് സ്പ്രിംഗ്ളർ കേസിലും ഇതുതന്നെയായിരുന്നു. ഔദ്യോഗിക കാര്യത്തിനുള്ള സ്വകാര്യ ഡേറ്റ തെരത്തെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കുകയാണ്. പോലീസ് കേസെടുത്തില്ലെങ്കിൽ കോൺഗ്രസ് അതിനു മുൻകൈ എടുക്കും.
ആരോഗ്യരംഗം പൂർണമായി തകർത്ത മന്ത്രിയും മന്ത്രിസഭയും രാജിവയ്ക്കുന്നതാണ് ഭേദമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് ജീവനക്കാരുടെയും പെൻഷൻകാരുടെയും വാട്സ്ആപ്പിൽ നേരിട്ടു ലഭിച്ചു.
കഴിഞ്ഞ ബജറ്റിൽ നൽകിയ പ്രധാന വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ഡിഎ, ഡിആർ ആനുകൂല്യങ്ങൾ സർക്കാർ പൂർണമായി അനുവദിച്ചെന്നും ജീവനക്കാരുടെ പേരെടുത്തു പറഞ്ഞുള്ള കത്തിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നു. 13 ശതമാനം ഡിഎ, ഡിആർ ഉത്തരവിറക്കിയതിനു പിന്നാലെയാണ് ജീവനക്കാരുടെ അസംതൃപ്തി മറികടക്കാനാണ് പേരെടുത്തു പറഞ്ഞു വ്യക്തിപരമായി എല്ലാവർക്കും മുഖ്യമന്ത്രി കത്തെഴുതിയത്.
മലയാളത്തിലുള്ള കത്തിൽ ജീവനക്കാരന്റെ പേര് മാത്രം ഇംഗ്ലീഷിലാണ്. ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും വരും നാളുകളിലും കരുതൽ തുടരുമെന്നും ഉറപ്പാണ് വാക്കെന്നും പിണറായി വിജയന്റെ സന്ദേശത്തിൽ പറയുന്നു.
എന്നാൽ, ജീവനക്കാരുടെ സ്വകാര്യ ഫോണ്‍ നന്പരുകളിലേക്ക് ഗ്രൂപ്പായി സന്ദേശം അയയ്ക്കുക വഴി ഡാറ്റ ചോർച്ചയും സ്വകാര്യതയുടെ ലംഘനവുമാണ് സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്ത് എത്തിയതോടെ മുഖ്യമന്ത്രിയുടെ കത്തെഴുത്ത് വിവാദത്തിലായി.
ജീവനക്കാരുടെ ഫോണ്‍ നന്പർ ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ സ്പാർക്കിൽ നിന്നു ചോർത്തി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിആർ സന്ദേശങ്ങൾ അയച്ചത് അപലപനീയമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വെരിഫൈഡ് അക്കൗണ്ടിൽ നിന്നാണ് സന്ദേശം വന്നത്.
ഭരണാധികാരികൾ തന്നെ നിയമം ലംഘിക്കുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രിയുടെ പേരിൽ ജീവനക്കാരുടെ സ്വകാര്യ നന്പറുകളിലേക്കു വ്യാപകമായ പ്രചാരണ സന്ദേശമാണ് നൽകുന്നതെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആരോപിച്ചു.
വ്യക്തിപരമായ വാട്സ്ആപ്പ് നന്പർ ഈ പ്രമോഷണൽ മെസേജ് അയയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന് എവിടെനിന്ന് ലഭിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ശന്പള സോഫ്റ്റ് വെയറായ സ്പാർക്ക് അടക്കമുള്ള സർക്കാർ ഡാറ്റാബേസുകളിൽ ജീവനക്കാർ നൽകുന്ന ഫോണ്‍ നന്പറുകൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബൾക്ക് മെസേജിംഗ് കാന്പയിനുകൾക്കും പിആർ ജോലിക്കും ഉപയോഗിക്കുന്നതു കടുത്ത സ്വകാര്യതാ ലംഘനമാണെന്നും കെജിഒഎ ആരോപിച്ചു.
Kerala
ആലപ്പുഴ: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ശക്തമായ സമരം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ. ജെ. ജനീഷ് . ആരോഗ്യവകുപ്പ് മരണപ്പെട്ടു അതുകൊണ്ടാണ് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ റീത്ത് വച്ച് പ്രതിഷേധം നടത്തിയതെന്നും ജനീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ പൊതുജന ആരോഗ്യത്തെ പരിഗണിച്ച് മന്ത്രി രാജിവയ്ക്കണം. പിണറായിയെ പ്രകീർത്തിച്ച് കിട്ടിയ മന്ത്രിസ്ഥാനം ആണ് ആരോഗ്യമന്ത്രിയുടെത്. ആരോഗ്യമന്ത്രി കിച്ചൻ ക്യാബിനറ്റ് മന്ത്രിയണെന്ന് വിമർശിച്ച ഒ. ജെ. ജനീഷ് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത നടപടിയിലും പ്രതിഷേധം അറിയിച്ചു.
നിരന്തരമായി ഉണ്ടാകുന്ന ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ തിങ്കളാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും ജനീഷ് പറഞ്ഞു.
അതേസമയം വെള്ളിയാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിവാദത്തെപ്പറ്റി വിശദീകരിക്കാനായി ഡോക്ടർമാർ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസിന്റെ ഒമ്പത് പ്രവർത്തകർ റിമാൻഡിൽ ആണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇരുന്ന ഡയസിനു മുകളിലിരുന്നായിരുന്നു പ്രതിഷേധം. ഇവരെ ബലം പ്രയോഗിച്ചാണ് പോലീസ് പിടിച്ചുമാറ്റിയത്.
രണ്ടാം നിലയിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയ പ്രവർത്തകർ പടിക്കെട്ടിൽ ഇരുന്ന് പ്രതിഷേധം തുടർന്നതോടെ രോഗികൾക്കും ജീവനക്കാർക്കും മുകളിലേക്കോ താഴേക്കോ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി. പ്രവർത്തകരെ ഇവിടുന്ന് ബലം പ്രയോഗിച്ച് താഴെ ഇറക്കി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന് മുന്നിൽ ഇവർ വീണ്ടും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവിടുന്ന് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിയെങ്കിലും പ്രവർത്തകർ ജീപ്പ് തടഞ്ഞുവച്ചു.
വാഹനത്തിന് മുന്നിൽ കയറിനിന്ന യൂത്ത് കോൺഗ്രസ് പുത്തനങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് നീനു, ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി പ്രതീക്ഷ എന്നിവർക്ക് പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെ പരിക്കേറ്റു. വാഹനം തട്ടി യൂത്ത് കോൺഗ്രസ് ആര്യാട് നിയോജക മണ്ഡലം പ്രസിഡന്റ് മനോജിനും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാലിലും ജീപ്പ് കയറി.
സംഭത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ വൈസ് പ്രസിഡന്റ് അനന്തനാരായണൻ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹുൽ പുതിയപറമ്പിൽ, കെഎസ്യു ജില്ലാ പ്രസിഡന്റ് വിഷ്ണു പ്രസാദ്, അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറിമാരായ റിനോ ബൂട്ടോ,ടി. തനീഷ് , അൻസിൽ പുന്നപ്ര എന്നിവരെ റിമാൻഡ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി.
Kerala
തിരുവനന്തപുരം: കേരളത്തിലെ ഉൾനാടൻ ജലഗതാഗത വികസനത്തിൽ പുതിയ തുടക്കം കുറിച്ച് സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതിയുടെ ഭാഗമായ ആക്കുളം ചേറ്റുവ ജലപാതയുടെ ഒന്നാംഘട്ട നവീകരണം പൂർത്തിയാകുന്നു.
തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശൂരിലെ ചേറ്റുവ വരെയുള്ള 280 കിലോമീറ്റർ കനാൽ പാത 26നു വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി ഇൻലാൻഡ് നാവിഗേഷൻ വിഭാഗം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെയും ചിലക്കൂർ വിനോദസഞ്ചാര പദ്ധതിയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
വർക്കലയിലെ ചിലക്കൂർ ബീച്ച് പാർക്കിൽ നടക്കുന്ന ചടങ്ങിൽ വി. ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരിക്കും.
സംസ്ഥാന സർക്കാരിന്റെയും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെയും (സിയാൽ) സംയുക്ത സംരംഭമായ കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതി നടപ്പാക്കുന്നത്.
പുഴകൾ, കായലുകൾ, കനാലുകൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് 11 ജില്ലകളെ ബന്ധിപ്പിക്കുന്ന കോവളം-ബേക്കൽ പാതയെ ചരക്കുനീക്കത്തിനും ടൂറിസത്തിനും തുല്യപ്രാധാന്യം നൽകി 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിച്ചുവരികയാണ്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ആക്കുളം മുതൽ ചേറ്റുവ വരെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്.
വർക്കലയിലെ ചരിത്രപ്രസിദ്ധമായ ചിലക്കൂർ തുരങ്കത്തിന്റെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവത്കരണവും സിയാൽ നടപ്പാക്കുകയാണ്. ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും, കേരള ചരിത്രം, സാംസ്കാരിക പൈതൃകം എന്നിവ ചിത്രീകരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇലക്ട്രിക് ബോട്ടും സിയാൽ പുറത്തിറക്കും.
Kerala
തിരുവനന്തപുരം: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. 25നു വൈകുന്നേരം നാലിന് എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും.
ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീടു നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1,000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ടു മുറികൾ, സിറ്റൗട്ട്, ലിവിംഗ്, സ്റ്റഡി റൂം, ഡൈനിംഗ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൗണ്‍ഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1,662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. വീടുകൾക്കു പുറമേ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാകും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജ്ജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പണ്‍ മാർക്കറ്റ്, കുട്ടികൾക്കു കളിസ്ഥലം, പാർക്കിംഗ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളിസ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപ്പണ്‍ എയർ തീയേറ്റർ എന്നിവ കമ്യൂണിറ്റി സെന്ററിൽ നിർമിക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗണ്‍ഷിപ്പ് നിർമിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. അതിജീവിതർക്കു സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഭൂമി ഏറ്റെടുക്കൽ. ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2025 മാർച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗണ്‍ഷിപ്പിനു തറക്കല്ലിട്ടു. 25നു നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
Kerala
കണ്ണൂർ: ഓൺലൈൻ സേവനങ്ങൾ യാഥാർഥ്യമാണെന്ന് ഓരോരുത്തരും അനുഭവിച്ചറിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന തദ്ദേശ ദിനാചരണത്തിന്റെ സമാപന സമ്മേളനം മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയൻ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ-സ്മാർട്ടിലൂടെ അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനകം തീർപ്പാക്കിയ ഫയലുകളുടെ എണ്ണം 10 ലക്ഷത്തിലധികമാണ്.
ഒരു മിനിറ്റിനകം നൽകിയ കെട്ടിട നിർമാണ പെർമിറ്റുകൾ രണ്ടു ലക്ഷത്തിലധികമുണ്ട്. മാലിന്യ നിർമാർജനത്തിനായി 2011 മുതൽ 2016 വരെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 29,500 കോടി നൽകി.
2016 മുതൽ 2021 വരെ 53,000 കോടി രൂപയായി വർധിച്ചു. 2021 മുതൽ ഇതേ വരെ 70,000 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. അഞ്ചു വർഷത്തിൽ റോഡ് പ്രവൃത്തികൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് 8,867 കോടി ലഭ്യമാക്കി.അങ്കണവാടി കെട്ടിടങ്ങളുടെ നിർമാണത്തിനായി 1,187 കോടി ലഭ്യമാക്കി.
മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള എല്ലാ പ്രദേശങ്ങൾക്കും നഗരസ്വഭാവം വന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയം ഭരണവകുപ്പിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അതി ദാരിദ്ര്യനിർമാർജനം, ഡിജി കേരളം പദ്ധതികളുടെ രണ്ടാം ഘട്ടത്തിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി.
സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം, സ്വരാജ് മാധ്യമ പുരസ്കാരം, ലൈഫ് മിഷൻ പുരസ്കാരം, ശുചിത്വ ഗ്രേഡിംഗ് പുരസ്കാരം എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. എം.വി. ഗോവിന്ദൻ എംഎൽഎ സ്വാഗതം പറഞ്ഞു.
Kerala
തളിപ്പറമ്പ്: തളിപ്പറമ്പിൽ നടന്ന തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിനിടെ മൈക്ക് തകരാറിലായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സരസമായ പ്രതികരണം വാർത്തയായിരിക്കുകയാണ്.
മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോൾ തന്നെ മൈക്കിൽ നിന്ന് വലിയ ശബ്ദം ഉയരാൻ തുടങ്ങി. ഇതോടെ അദ്ദേഹം പ്രസംഗം നിർത്തി. വീണ്ടും തുടങ്ങിയപ്പോഴും തകരാർ തുടർന്നപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.
"സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളി"യാണെന്നും ഇത് നേരത്തെ തന്നെ തുടങ്ങിയതാണെന്നും മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു. മുൻപ് സമാനമായ സാഹചര്യങ്ങളിൽ അദ്ദേഹം പ്രകോപിതനായിട്ടുണ്ടെങ്കിലും ഇത്തവണ വളരെ ശാന്തനായാണ് പ്രതികരിച്ചത്.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വരാജ് ട്രോഫി ഉൾപ്പെടെയുള്ള വിവിധ പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. മൈക്ക് തകരാറിനെ മുഖ്യമന്ത്രി തമാശയോടെ നേരിട്ടത് വേദിയിലുണ്ടായിരുന്നവരിലും കൗതുകമുണർത്തി.
Kerala
ന്യൂഡൽഹി: വിവാദ ചലച്ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം ഉന്നയിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കേരള സ്റ്റോറി ഇഷ്ട്ടമുള്ളവർക്ക് കാണാം, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ സിനിമ കാണേണ്ടതില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നം ഇല്ലെന്നും എന്നാൽ മൂക്കിന് മുൻപിൽ നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കുന്നില്ലെന്നും പറഞ്ഞ രാജീവ് ചന്ദ്രശേഖർ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ ഗാസയെയും കേരള സ്റ്റോറിയേയും കുറിച്ചാണോ മുഖ്യമന്ത്രി ചർച്ച ചെയ്യേണ്ടതെന്നും ചോദിച്ചു.
കഴിഞ്ഞ 10 കൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനമായിട്ട് ഇരിക്കുകയാണ്. ഹമാസിനെ വിളിച്ചു വരുത്തി സ്വീകരിക്കുന്നു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ബിജെപി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ലൗ ജിഹാദ്- ഹമാസ് എന്നൊക്കെ പറഞ്ഞാൽ ഉടൻ വർഗീയവാദികളായി ചിത്രീകരിക്കും. അങ്ങനെ അഭിപ്രായമുള്ളവർ ഉണ്ട്. അങ്ങനെ ഒന്ന് ഇല്ലെങ്കിൽ തെളിയിക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വിവാദ ചലച്ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. "ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തിനെതിരെയാണ് മുഖ്യമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്.
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യകരമാണെന്നും പിണറായി പറഞ്ഞു.
സിനിമയുടെ ഒന്നാം ഭാഗം കേരള വിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറച്ച വർഗീയ അജണ്ടയോടെയായിരുന്നു നിർമിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആരോപിച്ചു.
'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം ഉയർത്തിയ സർക്കാർ തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതിനുപിന്നിൽ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബാറുകളുടെ പ്രവർത്തനസമയം ഉയർത്തിയ സംഭവത്തിൽ യുഡിഎഫിനെതിരെയും ബിജെപി അധ്യക്ഷൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്ത് അഴിമതിയുടെ കാര്യത്തിൽ ഇടത്-വലത് മുന്നണികൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തിന്റെ അറിവോടുകൂടിയാണ് പുതിയ ഭേദഗതി എന്ന് എക്സൈസ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടത്-വലത് മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
തങ്ങൾ തുറക്കുന്നത് ബാറുകൾ അല്ല, സ്കൂളുകളാണെന്ന് മുദ്രാവാക്യമുയർത്തി അധികാരത്തിലെത്തിയ പിണറായി സർക്കാർ 10 വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തിലെ ബാറുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ഞെട്ടിക്കുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ബാറുകളുടെ പ്രവർത്തന സമയം 12 മണി വരെ ഉയർത്തിയതോടെ മാസം 60 മണിക്കൂർ, അതായത് അഞ്ച് പ്രവർത്തി ദിവസത്തിന് തുല്യമായ വർധനവാണ് പിണറായി സർക്കാർ ബാറുകൾക്ക് നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് സമാഹരണമാണ് ഇവരുടെ ലക്ഷ്യം. ജനങ്ങൾ ലഹരി ഉപയോഗിച്ച് നശിച്ചാലും കുഴപ്പമില്ല എന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് അവസാനിപ്പിക്കണമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നിക്ഷേപം എന്നിവ മുതൽ സാമൂഹ്യ സുരക്ഷയും വികേന്ദ്രീകൃത ആസൂത്രണവും വരെ നീളുന്ന ‘കേരള വികസന മാതൃക’ നിരന്തരമായ നവീകരണത്തിന്റേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോണ്‍ഫറൻസിൽ ‘മതേതരത്വം, ജനാധിപത്യം, കണ്‍സൾട്ടേറ്റീവ് ഗവണ്മെന്റ്’ എന്ന സമാപന സെഷനിൽ ആമുഖഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
വിപണികൾക്കു മാത്രം സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയില്ലെന്നും, മാനവിക വികസനത്തിന് പൊതു ഇടപെടലുകളും ജനാധിപത്യ സ്ഥാപനങ്ങളും കൂട്ടായ മുന്നേറ്റവും അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരുംകാലത്ത് കേരളത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വളർച്ചയ്ക്കുള്ള അടിത്തറയാവും ഈ കോണ്‍ഫറൻസിൽ ഉയർന്നുവന്ന ചർച്ചകളും നിർദേശങ്ങളും എന്ന കാര്യത്തിൽ സംശയമില്ല. തുടക്കത്തിൽ വിഭാവനം ചെയ്തതിനേക്കാൾ വലിയ നിലയിലുള്ള ആശയങ്ങൾ മുന്നോട്ടു വയ്ക്കാൻ ഇതിനു കഴിഞ്ഞു.
ഈ സമ്മേളനത്തിന്റെ നിർദേശങ്ങളിൽ തുടർനടപടികൾ എടുക്കാൻ സംസ്ഥാന സർക്കാർ പ്രവർത്തിക്കും. ഇവയിൽ നിയമനിർമാണം ആവശ്യമുള്ള കാര്യങ്ങൾ നിയമനിർമാണ സഭകളുടെ ശ്രദ്ധയിൽ കൊണ്ടുവരും. കൂടുതൽ ഗവേഷണവും പഠനവും ആസൂത്രണവും ആവശ്യമായ കാര്യങ്ങളിൽ വിശദവും ആധികാരികവുമായ റിപ്പോർട്ടുകൾ തയാറാക്കും. നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികേന്ദ്രീകരണം എന്നത് പൂർത്തിയായ ഒരു പദ്ധതിയല്ലെന്ന് തിരിച്ചറിയുന്നു. മാറുന്ന സാമൂഹിക-സാന്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് ഭരണസംവിധാനങ്ങളും പരിണമിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ നിയമപരിഷ്കാരങ്ങൾ വരുത്തണമെന്ന നിർദേശം ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശങ്കരനാരായണൻ തന്പി ഹാളിൽ നടന്ന സമാപന സെഷനിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പ്ലാനിംഗ് ബോർഡ് മെന്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള, മുൻ ഡൽഹി ഹൈ കോർട്ട് ചീഫ് ജസ്റ്റീസ് എ.പി. ഷാ, ദ ഹിന്ദു ഗ്രൂപ്പ് ഡയറക്ടർ എൻ. റാം, കനിമൊഴി കരുണാനിധി എംപി, സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ സയീദ് അക്തർ മിർസ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സണ്‍ പ്രഫ. വി. കെ. രാമചന്ദ്രൻ, സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം ജിജു പി. അലക്സ് എന്നിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗത്തിനിടെ ചെണ്ടമേളം ഉയർന്നതോടെയായിരുന്നു മുഖ്യമന്ത്രി ക്ഷോഭിച്ചത്. മാമൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.
പ്രസംഗത്തിനിടെ ചെണ്ടകൊട്ടിയവരെ മുഖ്യമന്ത്രി വേദിയിൽ പരസ്യമായി ശാസിച്ചു. നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊട്ടാണോ ഇതെന്ന് പിണറായി ചോദിച്ചു. ഇത് ശരിയായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ടിൽ നിങ്ങളുടെ കൂട്ടത്തിലുള്ള ആൾക്കാർ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുകയാണോയെന്ന് ചോദിച്ച പിണറായി വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും നാടിന്റെ അവസ്ഥയെക്കുറിച്ചും ഗൗരവമായി സംസാരിക്കുമ്പോൾ തടസമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്നും പറഞ്ഞു.
മൈക്കിലൂടെ പരസ്യമായാണ് മുഖ്യമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചത്. ഗൗരവതരമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ഇത്തരം പ്രവണത ശരിയല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. അതേസമയം കോട്ടയത്ത് വിവിധ പരിപാടികൾക്കായെത്തിയ മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധമുണ്ടായി.
കോട്ടയത്ത് ഹെലികോപ്റ്ററിലെത്തിയ മുഖ്യമന്ത്രിയെ ആദ്യം മഹിളാ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധം അറിയിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി വീശിയും പ്രതിഷേധിച്ചു.
Kerala
കോട്ടയം: കോട്ടയത്ത് രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കെഎസ്യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത്.
മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് പിണറായി കോട്ടയത്ത് എത്തിയത്. ഹെലികോപ്റ്റർ മാർഗം കോട്ടയത്തെത്തിയ മുഖ്യമന്ത്രിയെ മഹിളാ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധം അറിയിച്ചു.
തുടർന്ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപവും കുടമാളൂരിലുമാണ് മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചത്. ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Kerala
മല്ലപ്പള്ളി: അവയവദാനത്തിലൂടെ ശ്രദ്ധേയായ പത്തു മാസം പ്രായമുള്ള ആലിന് ഷെറിന് ഏബ്രഹാമിന് ആദരാഞ്ജലി അര്‍പ്പിക്കാനും മാതാപിതാക്കളെ സന്ദർശിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തും.
ഇന്നു വൈകുന്നേരം ആറോടെ ആലിന്റെ മല്ലപ്പള്ളിയിലെ വീട്ടിലെത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ പരിപാടിക്കുശേഷമായിരിക്കും മുഖ്യമന്ത്രി എത്തുക. വൈകുന്നേരം ഇരവിപേരൂരില്‍ പിആര്‍ഡിഎസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്.
മല്ലപ്പള്ളി സ്വദേശി അരുണ്‍ ഏബ്രഹാമിന്റെയും ഷെറിന് സൂസന് ജോണിന്റെയും മകളാണ് ആലിൻ. കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മസ്തിഷ്ക മരണത്തേ തുടര്‍ന്ന് ആലിന്റെ അവയവങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇതില്‍ കരളും വൃക്കയും മറ്റു രണ്ടു കുഞ്ഞുങ്ങള്‍ക്കായി നല്കി.
ഞായറാഴ്ച ആലിന്റെ സംസ്കാര ശുശ്രൂഷ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയില്‍ നടക്കുമ്പോള്‍ ചരിത്രവും ആ കുരുന്നിനു മുമ്പില്‍ വഴിമാറുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി ആലിന് മാറി. ഇത്രയും പ്രായംകുറഞ്ഞ ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ബഹുമതി ചരിത്രത്തില്‍ ആദ്യമായിരുന്നു.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരടക്കം ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാന പോലീസ് സേന ഔദ്യോഗിക ബഹുമതികള്‍ നല്‍കിയത്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അടക്കം റീത്ത് സമര്‍പ്പിച്ചു.
Kerala
തൃശൂർ: തൃശൂർപൂരം അലങ്കോലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടിൽ തന്റെ മൊഴി നിഴലിച്ചുപോലും കണ്ടില്ലെന്ന് സുരേഷ് ഗോപി എംപി. വിഷയത്തിൽ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ വർഷം പൂരം നല്ല രീതിയില്‍ നടത്തണമെന്ന് ആഗ്രഹിച്ച് മുഖ്യമന്ത്രി ഒരു അവലോകന യോഗം വിളിച്ചു ചേർത്തിരുന്നു. അതില്‍ താൻ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർബന്ധം പറഞ്ഞിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം മൊഴിയെടുത്ത ഉദ്യോഗസ്ഥരോട് താൻ പറഞ്ഞതാണ്. എന്നാല്‍ അത് റിപ്പോർട്ടില്‍ വന്നിട്ടില്ല. പിന്നെ ആ റിപ്പോർട്ട് എങ്ങനെ പൂർണമാകുമെന്നും സുരേഷ് ഗോപി ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഷയത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും എംപി അറിയിച്ചു. അതേസമയം എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. എയിംസ് വരാതെ എവിടെ പോകാനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എയിംസ് വരുമ്പോൾ അതിന്റെ മഹത്വം തനിക്ക് തന്നെയാവും. എയിംസ് പറഞ്ഞ് വോട്ട് ചോദിക്കാൻ താൻ വരില്ലെന്നും സുരേഷ് ഗോപി എംപി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറുടെ പരാമർശം.
"അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ' എന്നായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു.
സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
സമ്മേളനം ബഹിഷ്കരിച്ച തന്റെ പാർട്ടി സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്. 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം അഞ്ച് കുട്ടികൾക്കാണ് പുതുജീവൻ നൽകിയത്.
ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിൻ ഷെറിന് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് മാതാപിതാക്കൾ അവയവദാനത്തിന് സമ്മതം നൽകിയത്.
കഴിഞ്ഞ ദിവസം തന്നെ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും.
കുട്ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച അറിയിച്ചിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ ഷെറിൻ എബ്രഹാം.
Kerala
മലപ്പുറം: പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്നത് സർക്കാരിന്റെ സുചിന്തിത അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. പൗരത്വമില്ലെന്ന് ആരോപിക്കപ്പെടുന്നവരെ പാർപ്പിക്കാൻ ഒരു തടങ്കൽപ്പാളയവും കേരളത്തിൽ പണിയില്ല. ഇക്കാര്യം നേരത്തേ പ്രഖ്യാപിച്ചതാണ്. ആ ഉറപ്പ് വീണ്ടും ആവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.ടി. ജലീൽ എംഎൽഎ രചിച്ച ‘സോഷ്യലിസ്റ്റായ മുഹമ്മദ് നബി’ എന്ന പുസ്തകം മലപ്പുറം ടൗണ്‍ ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ മതവിശ്വാസധാരയിൽപ്പെടുന്നവരെയും ചേർത്തുപിടിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. എല്ലാവരോടും സമസാമീപ്യമാണ് സർക്കാരിനുള്ളത്. ഒരു ആനുകൂല്യ പട്ടികയിൽനിന്നും ആരെയും മാറ്റിനിർത്തിയിട്ടില്ല. പരിഗണിച്ചില്ല, വിവേചനം കാണിച്ചുവെന്ന് പരാതിപ്പെടാൻ കഴിയുന്ന ഒരു സംഭവവും ഒരു വിഭാഗത്തിനും കേരളത്തിൽ ഉണ്ടായിട്ടില്ല. എല്ലാ പ്രദേശങ്ങളും ജനവിഭാഗങ്ങളും വികസനത്തിന്റെ സ്വാദ് അനുഭവിക്കണമെന്ന സാമൂഹികനീതിയിൽ അധിഷ്ഠിത വികസനമാണ് നടപ്പാക്കിയത്.
ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് വിധി ജമാഅത്തെ ഇസ്ലാമിയെ പൊക്കികൊണ്ടു നടക്കുന്നവർക്കുള്ള അനുഭവപാഠമാണ്. നാടിന്റെ സ്വാസ്ഥ്യം തകർക്കാനുള്ള നീക്കം രാജ്യമാകെ വ്യാപിക്കുകയാണ്.
മണിപ്പുർ, ഡൽഹി, ഉത്തർപ്രദേശ്, ആസാം എന്നിവിടങ്ങളിൽ നിന്നുള്ള വാർത്തകൾ ഒട്ടും സുഖകരമല്ല. മുസ്ലിംകളും ദളിതരും കാലങ്ങളായി താമസിക്കുന്ന കൂരകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസുമെല്ലാം ഇക്കാര്യത്തിൽ ഒരേ തൂവൽ പക്ഷികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ പറഞ്ഞ കാര്യങ്ങൾ അസംബന്ധവും അപക്വവുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ചൂരമീൻ വിവാദത്തിൽ സി. ദിവാകരൻ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും പറയാൻ പാടില്ലാത്തതായിരുന്നെന്ന് മന്ത്രി പറഞ്ഞു.
അപക്വമായിട്ടുള്ള ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാൻ പാടില്ലാത്ത, അനവസരത്തിലുള്ള പ്രതികരണമാണ് ദിവാകരൻ നടത്തിയതെന്നും അനിൽ പറഞ്ഞു.
കാരണവന്മാർക്ക് പ്രായമേറുമ്പോഴുണ്ടാകുന്ന ചില സ്വഭാവരീതിയുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം അതായി മാത്രം കണ്ടാൽ മതി. അതിനപ്പുറം വലിയ പ്രാധാന്യം കൊടുക്കേണ്ട വിഷയമില്ല. പാർട്ടിയുടെ മുതിർന്ന നേതാവെന്ന വിശേഷണം നൽകുമ്പോൾ അതിനനുസരിച്ച് പ്രവർത്തനവും പ്രതികരണവും അവരിൽ നിന്നും ഉണ്ടാകേണ്ടതാണ്. അതുണ്ടാകാത്തവർക്ക് പാർട്ടിയും ജനങ്ങളും പ്രാധാന്യം നൽകുന്നുണ്ടോ എന്ന് നോക്കിയാൽ മതിയെന്നും അനിൽ പറഞ്ഞു.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിസഭയിലെ ഒരു മന്ത്രി പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ട് അതേ സ്ഥാനത്ത് തുടരുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
വർഗീയതയ്ക്കെതിരെ ഒരു വിട്ടുവീഴ്ചയും തന്റെ ഭാഗത്ത് നിന്ന് ഒരിക്കലുമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വർഗീയത പറഞ്ഞ മന്ത്രി യുഡിഎഫിലാണെങ്കിൽ 24 മണിക്കൂർ പോലും ആ സ്ഥാനത്തുണ്ടാവില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു.
പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ മുതലക്കുളം മൈതാനത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സജി ചെറിയാന്റെ മലപ്പുറം പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
പച്ചയ്ക്ക് വർഗീയത പറയുന്നവരെ പൊന്നാട അണിയിക്കുകയാണ് പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നത്. നാല് വോട്ടിന് വേണ്ടി തങ്ങൾ വർഗീയത പറയില്ലെന്നും തുടർ ഭരണം വേണ്ടെന്ന് സാംസ്കാരിക കേരളം പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും 10 വർഷത്തെ വിസയെടുത്ത് അമേരിക്കയിലേക്ക് പോകാൻ കാത്തിരിക്കുകയാണെന്ന് അൻവർ പറഞ്ഞു.
കേരളത്തിലെ ഭരണം അവസാനിക്കുന്നതോടെ അവർ നാടുവിടുമെന്നും അൻവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ പിണറായി വിജയൻ അധികാരത്തിൽ നിന്നും പുറത്താകുമെന്നും അൻവർ അഭിപ്രായപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവിന് ഒരിക്കലും രാഷ്ട്രീയ വനവാസം ഉണ്ടാവില്ലെന്നും പി.വി. അൻവർ വ്യക്തമാക്കി.
പാവപ്പെട്ട തൊഴിലാളികളുടെ പേര് പറഞ്ഞ് കൊള്ള നടത്തുന്ന സ്ഥാപനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കസേരയിൽ എത്തുമ്പോൾ സമഗ്രമായ അന്വേഷണം നടത്തണമെന്നും അൻവർ ആവശ്യപ്പെട്ടു.
Business
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ ഉദ്ഘാടനം 25ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, മോഡല്‍ പേഷ്യന്റ് കെയര്‍ സെന്റര്‍, താളിയോല പഠന കേന്ദ്രം, അഡ്വാന്‍സ്ഡ് മെഡിസിനല്‍ പ്ലാന്റ് നഴ്സറി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യ ഘട്ടത്തില്‍ കാന്‍സര്‍ ഡീജനറേറ്റീവ് രോഗങ്ങളിലെ ഗവേഷണത്തിനും പരിചരണത്തിനും ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഗണന നല്‍കും. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഗവേഷണവുമായി സഹകരിക്കും.
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) കേരളം ലോകത്തിന് നല്കുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുര്‍വേദ രംഗത്തെ ദീര്‍ഘ വീക്ഷണമാണിത്. താളിയോലകള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത അറിവുകള്‍ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുന്നു. ആയുര്‍വേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമായിരിക്കുമിത്.
ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. ആയുര്‍വേദത്തിന്റെ പുരാതന വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ച്, ആഗോള മികവിന്റെ കേന്ദ്രമായി മാറാനാണ് ഐആര്‍ഐഎ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആയുര്‍വേദ ഗവേഷണത്തിലെ സുപ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് ആറ് പ്രത്യേക വകുപ്പുകളായാണ് ഐആര്‍ഐഎ പ്രവര്‍ത്തിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആയുര്‍വേദിക് ബയോളജി ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ ആയുര്‍വേദ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്സ് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്ട്സ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്ലേഷണല്‍ ഡ്രഗ് റിസര്‍ച്ച്, ക്ലിനിക്കല്‍ എപ്പിഡെമിയോളജി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ഹെറിറ്റേജ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഐസിടി സര്‍വീസസ് എന്നീ വിഭാഗങ്ങളാണുണ്ടാകുക.
ഉദ്ഘാടനത്തിന്റെ ഭാഗമായി 20ന് സയന്റിഫിക് കോണ്‍ഫറന്‍സും 22 മുതല്‍ 25 വരെ ആയുര്‍വേദ എക്സ്പോയും കണ്ണൂരില്‍ സംഘടിപ്പിക്കും. ആയുഷ് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഐആര്‍ഐഎ നോഡല്‍ ഓഫീസര്‍ ഡോ. വി. രാജ്മോഹന്‍, നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. പി.ആര്.സജി, ഡോ. ആര്. ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ലോകനിലവാരത്തിലുള്ള സമ്പൂര്‍ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സിയാലിന്റെ ബൃഹദ് പദ്ധതിയായ എയ്റോ പാര്‍ക്ക് ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 101 കോടി രൂപയുടെ വിപുലമായ സൗകര്യങ്ങളാണ് സിയാല്‍ സജ്ജമാക്കുന്നത്. എയര്‍പോര്‍ട്ട് ഓപ്പറേഷന് ഏരിയയിലേക്കും സിറ്റി സൈഡിലേക്കും കണക്ടിവിറ്റി ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്. ഈ സംവിധാനം യാഥാര്‍ഥ്യമാകുന്നതോടെ നേരിട്ട് 2000 പേര്‍ക്കും പരോക്ഷമായി അതിന്റെ മൂന്നിരട്ടി ആളുകള്‍ക്കും തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എയ്റോ പാര്‍ക്ക് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 56 കോടി രൂപയുടെ മൂന്നു പുതിയ പദ്ധതികള്‍കൂടി ഉടന്‍ സജ്ജമാക്കും. 45 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യത്തെ കവേഡ് എയര്‍ക്രാഫ്റ്റ് പാര്‍ക്കിംഗ് സംവിധാനങ്ങളോടു കൂടിയുള്ള കേന്ദ്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ വ്യോമയാന ഭൂപടത്തില്‍ കൊച്ചിയെ ഒരു എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റുക എന്നതാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഹാരിസ് ബീരാന് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിയാല്‍ ഡയറക്ടര്‍മാരായ എം.എ. യൂസഫലി, ഇ.കെ. ഭരത് ഭൂഷണ്, എന്‍.വി. ജോര്‍ജ്, വര്‍ഗീസ് ജേക്കബ്, മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
കളമശേരി: താലൂക്ക് ആശുപത്രികളികളിലടക്കം സര്‍ജറി, ഇഎന്‍ടി, ഗൈനക്കോളജി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ സംയോജിപ്പിച്ച് പ്രാഥമിക അര്‍ബുദ ചികിത്സ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇതുവഴി രോഗികളെ വിദൂര ചികിത്സാകേന്ദ്രങ്ങളിലേക്കു റഫര്‍ ചെയ്യേണ്ട സാഹചര്യം കുറയ്ക്കാനും ചികിത്സയുടെ പ്രാരംഭഘട്ടം തദ്ദേശീയമായി കൈകാര്യം ചെയ്യാനും സാധിക്കുമെന്നും കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്തു ശ്രദ്ധേയമായ നേട്ടങ്ങള്‍ സംസ്ഥാനത്തിനു കൈവരിക്കാനായെങ്കിലും വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ആരോഗ്യപ്രശ്നങ്ങളുണ്ട്. ജീവിതശൈലീ രോഗഗണത്തിലാണ് കാന്‍സര്‍.
റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്. രോഗമുണ്ടായ ശേഷമുള്ള ചികിത്സയ്ക്കു പകരം പ്രതിരോധത്തിനും നേരത്തേയുള്ള രോഗനിര്‍ണയത്തിനുമാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇവകൊണ്ടു മാത്രം കാന്‍സറിനെ പ്രതിരോധിക്കാനാകില്ല. ഇതിന് ബഹുജനങ്ങളുടെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഉമാ തോമസ്, ആന്റണി ജോണ്‍, കെ. ബാബു, കളമശേരി മുനിസിപ്പല്‍ ചെയര്മാന് ജമാല്‍ മണക്കാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ സേവനങ്ങൾ ഒരുമിച്ച് ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ ‘നമ്മുടെ കേരളം’ തയാറാകുന്നു.
സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ആപ്പിന്റെ ഔദ്യോഗിക പ്രകാശനം 24ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ജനന സർട്ടിഫിക്കറ്റുകൾ മുതൽ വിദ്യാഭ്യാസം, ക്ഷേമ പദ്ധതികൾ, പെൻഷനുകൾ, ഫീസുകൾ, അപേക്ഷ സമർപ്പിക്കൽ എന്നിവ ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങൾക്കും ആവശ്യമായ 150-ലധികം സേവനങ്ങൾ ആപ്പിൽ ലഭ്യമാകും.
ഐടി വകുപ്പിനുവേണ്ടി കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി, സി-ഡിറ്റുമായി ചേർന്നാണ് ആപ്പ് വികസിപ്പിച്ചത്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ആപ്പിൽ സേവനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രകാശനത്തിന് ശേഷം ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും, ആപ്പിൾ സ്റ്റോറിലും ആപ്പ് ലഭിക്കും.
Kerala
കാഞ്ഞങ്ങാട്: കാസർഗോഡ് കേരളത്തിന്റെ സോളാര്‍ ഹബ് ആയി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീമേനി, പെര്‍ദാല എസ്റ്റേറ്റുകളിലെ സോളാര്‍ വൈദ്യുത നിലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലവിൽ കാസർഗോഡ് ജില്ലയിൽ പൈവളിഗെയിലും അമ്പലത്തറയിലും കരിന്തളത്തും സോളാര്‍ പാര്‍ക്കുകളുണ്ട്. ചീമേനിയിലും പെർദാലയും കൂടി സൗരോർജ വൈദ്യുത നിലയം വരുന്നതോടെ കാസർഗോഡ് കേരളത്തിന്റെ സോളാര്‍ ഹബ് ആയി മാറുമെന്ന് പിണറായി വിജയൻ പറഞ്ഞു.
എസ്റ്റേറ്റുകളില്‍ ബാറ്ററി സ്റ്റോറേജോടുകൂടിയ 110 മെഗാവാട്ട് സോളാര്‍ നിലയം സ്ഥാപിക്കുന്നതാണ് പദ്ധതി. ചീമേനി എസ്റ്റേറ്റില്‍ 80 മെഗാവാട്ട് നിലയവും പെര്‍ദാല എസ്റ്റേറ്റില്‍ 30 മെഗാവാട്ട് നിലയവുമാണ് ലക്ഷ്യമിടുന്നത്.
നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെ വൈദ്യുതി ലഭ്യമാക്കുന്ന നിലയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ വടക്കന്‍ മലബാറിന്റെ വികസന കുതിപ്പിന് ഊര്‍ജം പകരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്.
യുവമോർച്ച ജില്ലാ പ്രസിഡന്റ് എം. വിജിത്തിന്റെ നേതൃത്വത്തിൽ മലാപ്പറമ്പ് ജംക്ഷനിൽ വച്ചാണ് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Kerala
തിരുവനന്തപുരം: പിണറായി വിജയന്റെ മത്സ്യ വിഭവത്തെ കുറിച്ചുള്ള പരാമർശത്തിൽ പ്രതികരണവുമായി സിപിഐ നേതാവ് സി. ദിവാകരൻ. തന്റെ അനുഭവമാണെന്നും ഒരു കൗതുകം എന്ന നിലയിൽ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ആഹാരരീതി അദ്ദേഹത്തിനും അറിയാം, അദ്ദേഹത്തിന്റെ രീതി തനിക്കും അറിയാം. അത് ഇത്ര വിവാദം ആക്കേണ്ട കാര്യമില്ലെന്നും സി. ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയന്റെ മത്സ്യപ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി. ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്.
പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ചായിരുന്നു ദിവാകരന്റെ വിവാദ പ്രസ്താവന. ആനത്തലവട്ടം വി.എസ്. പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഐ നേതാവ് സി. ദിവാകരന്റെ ആരോപണത്തിന് മറുപടിയുമായി ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദൻ. പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ജീവ ഫേസ്ബുക്കിൽ കുറിച്ചു.
ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി നോക്കി നിൽക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു ചോദിച്ചു. അപ്പോൾ അടുത്ത നിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയതെന്ന് മകൻ ജീവ പറഞ്ഞു.
നേരത്തെ സി. ദിവാകരൻ പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയിരുന്നു. ആനത്തലവട്ടം ആനന്ദൻ വി.എസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.
പിണറായി വിജയന്റെ മത്സ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ട് എന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വില കൂടിയ മത്സ്യമേ കഴിക്കൂ എന്ന സിപിഐ നേതാവ് സി. ദിവാകരന്റെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു.
സി. ദിവാകരന്റെ പ്രതികരണം ഓർമക്കുറവ് കൊണ്ടായിരിക്കാം. പുസ്തകം ആകുമ്പോ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേയെന്നും ശിവൻ കുട്ടി പ്രതികരിച്ചു.
പിണറായി വിജയന്റെ മത്സ്യപ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി. ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്.
പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ചായിരുന്നു ദിവാകരന്റെ വിവാദ പ്രസ്താവന. ആനത്തലവട്ടം വി.എസ്. പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.
Kerala
കൊച്ചി: എസ്എൻഡിപി - എൻഎസ്എസ് ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി പൊന്നുരുന്നിയിൽ എസ്എൻഡിപി യോഗം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
സ്വർണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂവെന്നും അത് കഴിഞ്ഞാൽ ചർച്ച പോലും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്. സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സമുദായ സ്ഥാനാർഥി വേണമെന്ന ആവശ്യം എസ്എൻഡിപി ഉന്നയിക്കില്ല. തന്റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാർഥി നിർണയം കഴിഞ്ഞ് ബോർഡ് കൂടി എസ്എൻഡിപി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്സ്പ്ലാന്റേഷന് സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അവയവമാറ്റ ആശുപത്രിയിലൂടെ സമാനതകളില്ലാത്ത സ്ഥാപനമാണ് യാഥാര്‍ഥ്യമാകുന്നത്. ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏറ്റവും പ്രധാനമാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍. സ്വകാര്യ മേഖലയില്‍ വന്‍ തുകയാണ് ഇതിന് ചെലവാകുന്നത്. ഒരേ ശസ്ത്രക്രിയ തന്നെ ആശുപത്രികള്‍ മാറിയാല്‍ ചെലവില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നു.
പല കുടുംബങ്ങള്‍ക്കും ഇത് താങ്ങാനാവുന്നില്ല. ഇത് പരിഗണിച്ചാണ് വിദഗ്ധരില്‍നിന്ന് ഇങ്ങനെയൊരു ആശുപത്രിക്കുള്ള നിര്‍ദേശം വരുന്നത്. ആശുപത്രി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിവസമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ഇതുവരെ ഒരു അവയവമാറ്റ ആശുപത്രിയോ ഗവേഷണ കേന്ദ്രമോ ഇല്ലാത്തതിനാല്‍ അതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ചേവായൂരില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് സ്ഥാപിക്കുന്നത്.
വലിയ ചികിത്സാ ചെലവ് വരുന്ന അവയവ മാറ്റത്തിന് ആശുപത്രി യാഥാര്‍ഥ്യമാകുന്നതോടെ കുറഞ്ഞ ചെലവില്‍ അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാകും. അവയവമാറ്റം കഴിഞ്ഞ രോഗികള്‍ക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള പ്രഖ്യാപനവും സര്‍ക്കാര്‍ ഉടന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്ര, ഗവേഷണ, ചികിത്സാ മേഖലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ മാറ്റം കണ്ണഞ്ചിപ്പിക്കുന്നതാണ്. ചികിത്സയുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് സാധാരണക്കാരെ ചേര്‍ത്തുപിടിച്ചാണ് സര്‍ക്കാര്‍ മുന്നേറുന്നത്.
ആര്‍ദ്രം മിഷന് നടപ്പാക്കിയതോടെ കേരളത്തിലെ താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 12 ആശുപത്രികളില്‍ മാത്രമായിരുന്ന ഡയാലിസിസ് സൗകര്യം ഇപ്പോൾ 125 കേന്ദ്രങ്ങളിലായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവന് എംപി, മേയര്‍ ഒ. സദാശിവന്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, കെ.കെ. രമ, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി.വിശ്വനാഥന്, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ.ജി.സജിത്ത് കുമാര്‍, ഡിഎംഒ ഡോ. കെ.കെ. രാജാറാം, ആരോഗ്യ കേരളം ഡി.പി.എം സി.കെ ഷാജി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് സ്പെഷല്‍ ഓഫീസര്‍ ഡോ. ബിജു പൊറ്റക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്ക്കും മനസിലാകുമെന്നും വി.ഡി. സതീശന് പറഞ്ഞു.
ഗോവിന്ദന് ഇപ്പോൾ മറവിരോഗം ബാധിച്ചിരിക്കുകയാണ്. വർഗീയതയെക്കുറിച്ച് കോൺഗ്രസിനെ പഠിപ്പിക്കാൻ അദ്ദേഹം വരേണ്ട. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ചരിത്രമാണ് ഗോവിന്ദനുള്ളത്. നാല് പതിറ്റാണ്ടോളം ഇതേ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച സിപിഎം, ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി നിലപാട് മാറ്റുകയാണ്.
പഴയ ബന്ധങ്ങളെല്ലാം സൗകര്യപൂർവം മറന്നുകൊണ്ടാണ് ഗോവിന്ദൻ ഇപ്പോൾ യുഡിഎഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.ഞങ്ങള്‍ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് എം.വി. ഗോവിന്ദനെ പോലെ ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുമോ?.
മാഷിന് പിണറായി വിജയന് പറഞ്ഞപ്പോലെ ഒരു 110 ആക്കാം. ഞാന്‍ ഒരു ട്രോളില്‍ കണ്ടു, 100 അല്ല 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി. 110 തന്നെ ആയിരിക്കും, അതുപക്ഷേ തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും.
തിരുവല്ല ബലാത്സംഗം, ഇത് ബീഹാറാണോ, കേരളമല്ലേ. മുഖ്യമന്ത്രിയ്ക്ക് നാണമുണ്ടോ. ക്രിമിനൽ കേസ് പ്രതികൾക്കൊക്കെ സുഖവാസം ഒരുക്കുന്നു. കേരളത്തിൽ ക്രിമിനലുകൾ അഴിഞ്ഞാടുന്നു. ജയിലിൽ ഉൾപ്പെടെ ക്രിമിനലുകൾക്ക് സുഖവാസമാണ്. ടെക്നോളജിയിൽ മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രി പറയുന്നു. അത് ശരിയാണ്, ഗൂഗിൾ പേയിലാണ് ഇപ്പോൾ കൈക്കൂലി വാങ്ങുന്നതെന്നും വി.ഡി. സതീശൻ പരിഹസിച്ചു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദ നായകന് ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കയറ്റിയതും അതീവ സുരക്ഷയുള്ള നമ്പര്‍ 10 ജന്‍പഥില്‍ എത്തിച്ചതും അടക്കമുള്ള യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ. മാണി എംപി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തി നിയമസഭ സ്തംഭിപ്പിച്ച പ്രതിപക്ഷം ഇതു ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടുകയാണ്. പോറ്റിയെ ശബരിമലയിലെത്തിച്ചതുള്പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്ന ഭയം യുഡിഎഫിനുണ്ട്. യുഡിഎഫ് ഭരണകാലത്താണ് പോറ്റി ശബരിമലയിലെത്തിയത്.
കോണ്‍ഗ്രസിന്റെ ഉന്നതനായ അഖിലേന്ത്യാ നേതാവ് 2004ല്‍ ദേവസ്വംമന്ത്രിയായിരുമ്പോഴാണ് ഉണ്ണികൃഷ്ണന്‍പോറ്റി ആദ്യം ശബരിമലയില്‍ കയറി കളികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ ദേവസ്വം ബോര്‍ഡാണ് ഇതിനൊക്കെ അവസരം ഒരുക്കിക്കൊടുത്തത്. ഇക്കാര്യങ്ങളൊക്കെ പുറത്തു വരാതിരിക്കാനാണ് നയപ്രഖ്യാപന ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ ചൊല്ലിയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതിതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ശബരമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ബിജെപിയാണ്. കോണ്‍ഗ്രസും അതിനെ പിന്തുണയ്ക്കുന്നു.
കോണ്‍ഗ്രസിന് ഹൈക്കോടതിയേക്കാള്‍ ബിജെപിയെയാണോ വിശ്വാസം എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും പിണറായി വിജയന് ആരോപിച്ചു.
വികസന മുന്നേറ്റ ജാഥ സ്വാഗത സംഘം ചെയര്മാന് കുര്യന് മടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ജോസ് കെ. മാണി എംപി, മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കെ.കെ. ശൈലജ എംഎൽഎ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോസ് കെ. മാണി നയിക്കുന്ന ജാഥ ഇന്ന് പത്തനംതിട്ട ജില്ലയിലെ പര്യടനത്തിനുശേഷം കോട്ടയത്തേക്കു പ്രവേശിക്കും. 14ന് എറണാകുളത്താണ് സമാപനം. കെ.കെ. ശൈലജ, പി.കെ. ബിജു , പി.പി. സുനീര്‍ എംപി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി. അജിത്ത് , ഫ്രാന്‍സിസ് തോമസ്, എം.എ. ലത്തീഫ്, ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങള്‍.
NRI
തിരുവനന്തപുരം: ഓസ്ട്രീയ പാർലമെന്റ് അംഗവും ഭരണപക്ഷ പാർട്ടിയായ നിയോസ് പാർട്ടി സ്ഥാപക നേതാവുമായ വീറ്റ് വലെന്റീൻ ഡാൻഗ്ലർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
സ്വകാര്യ സന്ദർശനത്തിനെത്തിയ അദ്ദേഹം നിരവധി വിഷയങ്ങൾ മുഖ്യമന്ത്രിയുമായി സംവദിച്ചു.
Kerala
തിരുവനന്തപുരം: കേരള നിയമസഭാ മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുള്ള ഇഎംഎസ് സ്മൃതി, ആധുനിക കേരളത്തിന്റെ ചരിത്രത്തിന് നേരേ പിടിച്ച കണ്ണാടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വ്യാജ ചരിത്രങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് യഥാർഥ ചരിത്രത്തെ വസ്തുനിഷ്ഠമായി പഠിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കും. കേരള നിയമസഭയിലെ ജി. കാർത്തികേയൻ മ്യൂസിയത്തിൽ സജ്ജമാക്കിയിട്ടുള്ള ഇഎംഎസ് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇഎംഎസിന്റെ സ്മരണകൾ നിലനിർത്തുന്നതിനും, പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ പരിചയപ്പെടുത്തുന്നതിനുമായാണ് ഇഎംഎസ് സ്മൃതി ഒരുക്കിയിരിക്കുന്നതെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ച ഹൈടെക്ക് മ്യൂസിയം നിയമസഭ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും അക്കാദമിക് താത്പര്യമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: മെട്രോമാൻ ഇ. ശ്രീധരന്റെ അതിവേഗ ട്രെയിൻ സർവീസിനെ ട്രോളി മുഖ്യമന്ത്രി. ഇലക്ഷൻ ആകുന്പോൾ പാർട്ടിക്കാർ സ്വന്തമായി ഓരോ ഓഫീസുകൾ തുറക്കും. ബിജെപിയുടെ മുഖ്യമന്ത്രിയാകാൻ പരസ്യനീക്കം എടുത്തയാളാണ് അദ്ദേഹം. ഇലക്ഷൻ വരുന്പോൾ പല ആപ്പീസുകളും തുറക്കും.
ബിജെപിയുടെ മുഖ്യമന്ത്രിയാവുമെന്നുപറഞ്ഞ് മറ്റൊരാപ്പീസ് ഇദ്ദേഹം മുന്‍പ് തുടങ്ങിയിരുന്നല്ലോ. അതുകൊണ്ടുതന്നെ അതിവേഗ റെയിലിന്റെ കാര്യത്തിലെ അദ്ദേഹത്തിന്റെ നിലപാട് സർക്കാർ മുഖവിലയ്ക്കെടുക്കുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതിവേഗ റെയിൽ എന്ന സങ്കല്പവുമായി സർക്കാർ വളരെ ദൂരം മുന്നോട്ടു പോയതാണ്. എന്നാൽ,, കേരളജനത ഇത്ര വേഗത്തിൽ യാത്രചെയ്താൽ മതിയെന്നു കേന്ദ്രം തീരുമാനിച്ചുകഴിഞ്ഞു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗത്തിൽ സഞ്ചരിക്കാനുള്ള ട്രെയിൻ സർവീസാണ് സർക്കാർ കെ-റെയിലിലൂടെ വിഭാവനം ചെയ്തത്. കേന്ദ്രാനുമതിയില്ലാതെ റെയിൽവേ പദ്ധതി നടപ്പാക്കാൻ കഴിയില്ല. അനുവാദത്തിനുവേണ്ടി കുറെ കാത്തിരുന്നു. അവസാനം കേന്ദ്രം പറയുന്പോൾ തുടങ്ങാമെന്ന സമീപനം സംസ്ഥാനസർക്കാരിനു സ്വീകരിക്കേണ്ടിവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തൃശൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥയ്ക്ക് തുടക്കമായി. ജാഥ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന ജനങ്ങളോട് വിശദീകരിക്കാനാണ് എല്‍ഡിഎഫ് ജാഥ നടത്തുന്നത്. കേന്ദ്രം കേരളത്തോട് അതീവ നിര്‍ഭാഗ്യകരമായ സമീപനമാണ് സ്വീകരിക്കുന്നത്. ബജറ്റില്‍ ചില്ലറ ആശ്വാസം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചേലക്കര മുതല്‍ തിരുവനന്തപുരം വരെയാണ് തെക്കന്‍ മേഖലാ ജാഥ പര്യടനം നടത്തുന്നത്. 13ന് ജാഥ സമാപിക്കും.
Kerala
കുമ്പള (കാസര്‍ഗോഡ്): കേരളത്തോടുള്ള ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കു പ്രോത്സാഹനമേകുന്നതാണ് ഇവിടുത്തെ പ്രതിപക്ഷത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് വടക്കന്‍ മേഖല വികസനമുന്നേറ്റജാഥ കുമ്പളയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയിലും ആന്ധ്രപ്രദേശിലും കേന്ദ്രബജറ്റില്‍ അതിവേഗ റെയില്പാതഅനുവദിച്ചിട്ടുണ്ട്. അതു നല്ല കാര്യമാണ്. പക്ഷേ എന്താണ് കേരളത്തിന്റെ അയോഗ്യത? അതേക്കുറിച്ച് നാം ബോധവാന്മാരേകണ്ടതുണ്ട്.
പുതിയ പദ്ധതികള്‍ വരുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയകക്ഷികള്‍ സ്വീകരിക്കുന്ന നിലപാടല്ല കേരളത്തില്‍ ചിലരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും നാടിന്റെ പൊതു ആവശ്യത്തിനായി ഒരുമിച്ച് ശബ്ദമുയര്‍ത്തും. എന്നാല്‍, എല്ലാ പദ്ധതികളെയും എതിര്‍ക്കുന്ന നിലപാടാണ് മുഖ്യപ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസും മുസ്ലിംലീഗും സ്വീകരിക്കുന്നത്. ഇതു കേരളത്തെ ദ്രോഹിക്കാനുള്ള അവസരമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എം.വി. ഗോവിന്ദന്, എം.വി. ജയരാജന്, ജാഥാ മാനേജര്‍ പി. സന്തോഷ്കുമാര്‍ എംപി, സ്ഥിരാംഗങ്ങളായ കെ.എസ്. സലീഖ, മാത്യു കുന്നപ്പള്ളി, പി.പി. ദിവാകരന്, പി.എം. സുരേഷ്ബാബു, മനയത്ത് ചന്ദ്രന്, കാസിം ഇരിക്കൂര്‍, ബാബു ഗോപിനാഥ്, വടക്കോട് മോനിച്ചന്, എ.ജെ. ജോസഫ്, നൈസ് മാത്യു എന്നിവര്‍ പങ്കെടുത്തു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ്ചന്ദ്രന് സ്വാഗതം പറഞ്ഞു.
ഇന്നു രാവിലെ പത്തിനു പെരിയാട്ടടുക്കത്തും ഉച്ചകഴിഞ്ഞ് മൂന്നിനു കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും വൈകുന്നേരം നാലിനു കാലിക്കടവിലും സ്വീകരണം നല്‍കും. തുടര്‍ന്ന് ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. ജാഥ 16നു പാലക്കാട് തരൂരില്‍ സമാപിക്കും
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തിൽ മെട്രോമാൻ ഇ.ശ്രീധരനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ.അതിവേഗ പാതയുമായി ബന്ധപ്പെട്ട് വലിയ എന്തോ വരാൻ പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചവർക്ക് ഇപ്പോൾ മറുപടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുകയാണ്. എയിംസിന് സ്ഥലം കണ്ടെത്തിയിട്ടും പ്രധാനമന്ത്രിയോടടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണ്. ഇതിനെതിരെ ശബ്ദമുയർത്താൻ പ്രതിപക്ഷം തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന നിലപാട് കോൺഗ്രസും, ലീഗും സ്വീകരിച്ചു. ഇത് കേന്ദ്ര സർക്കാർ അവസരമായി കണ്ടു. മറ്റ് സംസ്ഥാനങ്ങളിൽ നാടിന്റെ പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നിൽക്കും.
എന്നാൽ കേരളത്തിൽ അങ്ങനെയല്ല. ഇത് കേന്ദ്രത്തിന് അറിയാം. ബജറ്റ് അവഗണനയ്ക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന് തന്നെ കേന്ദ്ര ധനമന്ത്രി മറന്നു. ബജറ്റിൽ കേരളത്തിന് യാതൊരു പരിഗണനയും കിട്ടിയില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം തഴയപ്പെട്ടു. ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിച്ചു.
41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ ബജറ്റ് കോർപറേറ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്നതിനുമുള്ള നയരേഖയാണ്.
കേന്ദ്ര വിഹിതമായ ഡിവിസിബിൾ പൂളിൽ നിന്നും കേരളത്തിന് അർഹമായത് നൽകുന്നില്ലെന്നു മാത്രമല്ല റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ തുടരേണ്ടതില്ലെന്ന തീരുമാനം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണ്.
എന്നാൽ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകൾക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകൾ പോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നൽകുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം.
വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയിൽ ഒരു ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങൾക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകൾക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്ര നീക്കം അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കാസര്‍ഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫ് പ്രചരണ ജാഥകൾക്ക് ഇന്ന് തുടക്കം. വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കാസർഗോഡ് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ നയിക്കും. എം.വി. ഗോവിന്ദൻ ക്യാപ്ടനാകുന്ന വടക്കൻ മേഖലയിലെ മുന്നേറ്റ ജാഥ 16ന് പാലക്കാട് തരൂരിൽ സമാപിക്കും.
ഇന്നും നാളെയും കാസർഗോഡ് ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം നടത്തും. തെക്കൻ മേഖല ജാഥ ബിനോയ് വിശ്വവും, മധ്യമേഖല ജാഥ ജോസ് കെ. മാണിയും നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുകയായിരിക്കും എൽഡിഎഫിന്റെ ലക്ഷ്യം.
Kerala
തിരുവനന്തപുരം: സുരക്ഷിത വിദേശ കുടിയേറ്റത്തിനു നിയമനിര്‍മാണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
ലോക കേരള സഭയിലെ ചര്‍ച്ചകളില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ക്ക് മറുപടി നല്കി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സജീവമായ ചര്‍ച്ചകളും വിലപ്പെട്ട നിര്‍ദേശങ്ങളുമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. സുരക്ഷിത കുടിയേറ്റമാണ് പ്രധാനപ്പെട്ടത്. ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണ്.
നോര്‍ക്ക കെയര്‍ പദ്ധതിയില്‍ തിരികെയെത്തിയ പ്രവാസികളേയും കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ സംസ്ഥാന സർക്കാർ ഹൈപവർ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർ അംഗങ്ങളായ ഹൈപവർ കമ്മിറ്റി മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യും. അഞ്ചാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തിൽ പ്രവാസികൾ ഉയർത്തിയ നിർദേശങ്ങളിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഓസ്ട്രിയയിലും ജർമനിയിലും ഭാഷാ പ്രാവീണ്യത്തിനായുള്ള A1, A2, B1, B2 മോഡ്യൂളിന്റെ വ്യാജ സർട്ടിക്കറ്റുകൾ, വ്യാജ റിക്രൂട്ട്മെന്റ് എന്നിവ വ്യാപകമായിട്ടുണ്ട്. ഇത് ഗൗരവമുള്ള പ്രശ്നമാണ്. 2024ൽ മാത്രം ഈ ഗണത്തിൽ 1300 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിനെതിരേ ബോധവത്കരണം നടത്തും. ഇതിനു പുറമെയാണ് സംസ്ഥാന സർക്കാർ പുതുതായി സ്ഥാപിക്കുന്ന നോർക്ക പോലീസ് സ്റ്റേഷൻ. നോർക്ക പോലീസ് സ്റ്റേഷനിൽ ഏതു പ്രവാസിക്കും നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാം. ലോക കേരള സഭയിൽ പ്രവാസികൾ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കാനായി സ്റ്റാൻഡിംഗ് കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
നോർക്ക വകുപ്പ് സെക്രട്ടറി ഉൾപ്പെടെ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. തിരികെവന്ന പ്രവാസികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കണമെന്ന ആവശ്യത്തിനും മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചു. നോർക്ക കെയർ പദ്ധതിയിൽ ഇക്കാര്യം ഉൾപ്പെടുത്താമോ എന്ന് പരിശോധിക്കും. ജർമനു പുറമേ കൂടുതൽ വിദേശഭാഷകൾ പഠിപ്പിക്കാൻ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് വഴി തുടർനടപടികൾ ഉണ്ടാകും. ഗ്രാമപഞ്ചായത്ത്, വാർഡ് തലത്തിൽ ഡയസ്പോറ പദ്ധതികൾ പ്രവാസി മിഷൻ മുഖേന നടപ്പാക്കും. മിഷൻ ഉദ്ഘാടനം അടുത്തമാസം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം, സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കൽ എന്നിവയെല്ലാം പ്രവാസി മിഷന് കീഴിൽ പരിശോധിക്കും.
ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ സാഹിത്യനഗരി പദവി കിട്ടിയ നഗരങ്ങളും ഇന്ത്യയിൽ ഈ പദവി ലഭിച്ച കോഴിക്കോടുമായി ചേർന്ന് സാംസ്കാരിക ഇടനാഴി എന്ന പദ്ധതിക്കായി പരിശ്രമം നടത്തും. പ്രവാസികൾക്ക് നിക്ഷേപം നടത്താനായി ഷെർപ്പ ഓൺലൈൻ പ്ലാറ്റ്ഫോം ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദേശത്ത് പഠനത്തിനു പോകുന്ന വിദ്യാർഥികൾക്ക് കൗൺസലിംഗ് നൽകാൻ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടലും ആവിഷ്കരിച്ചു. ഇതൊക്കെയും പ്രവാസികൾ പ്രയോജനപ്പെടുത്തണം. പ്രവാസി സുരക്ഷിതത്വം ഉറപ്പാക്കാൻ ശക്തമായ കുടിയേറ്റ നിയമം കേന്ദ്രസർക്കാർ രൂപീകരിക്കേണ്ടതുണ്ട്. മൂന്നു തവണ എമിഗ്രേഷൻ ബിൽ അവതരിപ്പിച്ചെങ്കിലും ഇത് പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കിയിട്ടില്ല. ഇതിനായി സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തുന്നത് തുടരും.
പ്രവാസികൾക്ക് സംസ്ഥാനം മുഖ്യപരിഗണന നൽകുന്നതിന്റെ തെളിവാണ് ലോക കേരളസഭ. പ്രവാസികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും കൂടി പരിഗണിച്ചാണ് നവകേരള പദ്ധതി തയാറാക്കിയത്. അകം കേരളത്തിനൊപ്പം പുറം കേരളവും ചേരുമ്പോഴാണ് നവകേരളം രൂപീകൃതമാകുകയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം ലോകം അംഗീകരിക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം നടത്താൻ പ്രവാസികൾ തയാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
തിരുവനന്തപുരത്ത് മൂന്നു ദിവസങ്ങളിലായി നടന്ന ലോക കേരള സഭയിൽ 125 രാജ്യങ്ങളിൽനിന്നുള്ള 500ൽപ്പരം പ്രവാസി പ്രതിനിധികൾ പങ്കെടുത്തു. 12 പ്രമേയങ്ങളും അവതരിപ്പിച്ചു.
Kerala
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): കഴിഞ്ഞ കാല് നൂറ്റാണ്ടുകാലം മധ്യകേരളത്തിലെയും മലയോര മേഖലയിലെയും കര്‍ഷകജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിവരുന്ന പ്രസ്ഥാനമാണ് ഇന്‍ഫാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ഇന്‍ഫാമിനു സാധിച്ചു.
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇന്‍ഫാം നല്കുന്ന നിര്‍ദേശങ്ങള്‍ കാര്‍ഷിക നയരൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കാര്‍ഷികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ കര്‍ഷകരെ ബാധിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇന്‍ഫാമിനെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ നല്കുമ്പോള് അത് അതീവ ഗൗരവത്തോടെ പരിഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാതിമത ചിന്തകള്‍ക്കതീതമായി കര്‍ഷകരെ സംഘടിപ്പിക്കുകയും അവരുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ഇന്‍ഫാം മുന്നോട്ടു വച്ചിട്ടുള്ള ആദര്‍ശം.
പഞ്ചവത്സര പദ്ധതിയെന്ന നിലയില്‍ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനും മൂല്യവര്‍ധനയ്ക്കും സഹായിക്കുന്ന പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങള്‍ എല്ലാ അര്‍ഥത്തിലും പ്രായോഗികമാക്കാന്‍ കഴിയുന്ന ഒന്നാണ്.
പച്ചക്കറി കൃഷിയില്‍ വലിയ മാറ്റം ഇപ്പോള്‍തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതികൂടി വരുമ്പോള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും. നമ്മുടെ നാട് പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ഇന്‍ഫാം മാതൃകാപരമായ ഇടപെടലുകള്‍ നടത്തി.
കോവിഡ്, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇന്‍ഫാം നടത്തിയ പ്രവര്‍ത്തനം വലുതാണ്. മതനിരപേക്ഷതയും വികസനവും കൈകോര്‍ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഇന്‍ഫാമിനെപ്പോലുള്ള കര്‍ഷക സംഘടനകളുടെ സേവനം വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനത്തില്‍ ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ചു ചേര്‍ത്ത് ആവിഷ്കരിച്ച പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതി രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിച്ചു.
Kerala
തിരുവനന്തപുരം: ഖജനാവിലെ കോടിക്കണക്കിനു രൂപ ധൂർത്തടിച്ച അഞ്ചു ലോക കേരള സഭാസമ്മേളനങ്ങൾ പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ഫലശൂന്യമായ അധികാര ആഭാസം മാത്രമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗം വിളമ്പി പ്രവാസികളുടെ വയറു നിറച്ചതല്ലാതെ പ്രവാസി ക്ഷേമത്തിനുള്ള ലോക കേരള സഭയുടെ പ്രധാന നിർദ്ദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. ഏതാനും പേർ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് കൊട്ടിഘോഷിച്ചെങ്കിലും ഇതുവരെ കാര്യമായ വിദേശ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ല. സർക്കാരിലുള്ള വിശ്വാസതകർച്ചയും ചുവപ്പുകൊടിയോടുള്ള ഭയപ്പാടുമാണ് ഇതിനു കാരണം.
പ്രവാസികളുടെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കേണ്ട നോർക്ക വകുപ്പ് മരണശയ്യയിലാണ്. പ്രവാസികളുടെ പുനരധിവാസ പദ്ധതി, ക്ഷേമ പെൻഷൻ, ഇൻഷ്വറൻസ് എന്നിവയെല്ലാം സ്തംഭനത്തിലാണ് .
ലോക കേരളസഭ സിപിഎമ്മിന് തെരഞ്ഞെടുപ്പുകളിൽ പണപ്പിരിവ് നടത്താനുള്ള ഒരു കറവപ്പശു മാത്രമാണ്. വിദേശങ്ങളിലെ ധനാഢ്യന്മാർക്കും സിപിഎം ഘടകങ്ങളുടെ മേധാവികൾക്കുമാണ് ലോക കേരളസഭയിൽ മുൻതൂക്കം.
ലോക കേരളസഭ പ്രവാസി മലയാളി സമൂഹത്തിന്റെ പരിച്ഛേദമോ പ്രതിനിധിസഭയോ അല്ല. എല്ലാ ലോക കേരളസഭയിലും കോട്ടും സൂട്ടും ധരിച്ച് എത്തുന്ന ചില സ്ഥിരം മുഖങ്ങൾ പിൻവാതിൽ വഴി പ്രവേശിച്ച പ്രാഞ്ചിയേട്ടന്മാരാണെന്നും അദ്ദേഹം പരിഹസിച്ചു.
Kerala
തിരുവനന്തപുരം: വിജ്ഞാന സന്പദ്ഘടനയിലൂന്നിയ നവകേരളം രൂപപ്പെടുത്താൻ എല്ലാ സഹകരണവും പ്രവാസി സമൂഹം കേരളത്തിനു നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ലോക കേരള സഭയുടെ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറുന്ന ലോകാവസ്ഥയ്ക്കനുസരിച്ച് നവീകരിച്ചില്ലെങ്കിൽ കേരളം പിന്തള്ളപ്പെട്ടുപോകും.
എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവവേദ്യമാകുന്നു വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ഡൽഹി-മീററ്റ് മാതൃകയിലുള്ള ‘റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം’ നടപ്പിലാക്കുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതായും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോർക്ക വഴി നടപ്പിലാക്കുന്ന നോർക്ക കെയർ ഇൻഷ്വറൻസ് പദ്ധതിയിൽ ഒന്നര ലക്ഷത്തോളം പ്രവാസികൾ അംഗങ്ങളായിട്ടുണ്ട്. കോവിഡ് കാലത്ത് മടങ്ങിയെത്തിയവർക്കായി നടപ്പിലാക്കിയ പ്രവാസി ഭദ്രത പദ്ധതി വഴി ആയിരക്കണക്കിന് ആളുകൾക്ക് സഹായം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, കെ. കൃഷ്ണൻകുട്ടി, കെ.എൻ. ബാലഗോപാൽ, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, ആർ. ബിന്ദു, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, നോർക്ക റൂട്സ് സെക്രട്ടറി ടി.വി. അനുപമ, പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, മറ്റ് പ്രമുഖ പ്രവാസി വ്യവസായികൾ, മറ്റ് ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് തടസമുണ്ടായത് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ സമയം കൊണ്ട് ദീർഘദൂരം സഞ്ചരിക്കാൻ കഴിയുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാമത് ലോകകേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരത്തു നിന്ന് നാലു മണിക്കൂർക്കൊണ്ട് കാസർഗോട്ടും തിരുവനന്തപുരത്തുനിന്ന് രണ്ട് മണിക്കൂറിൽ കൊച്ചിയിലുമെത്താൻ കഴിയണം. നിർഭാഗ്യവശാൽ അത്തരമൊരു കാര്യത്തിനു തടസമുണ്ടായി. അതിവേഗ റെയിൽപാതാ പദ്ധതി നടപ്പിലാക്കണമെങ്കിൽ റെയിൽവേയുടെ അനുമതി വേണം.
അവർ അനുമതി തന്നില്ല. സംസ്ഥാന സർക്കാർ അതിനായി നിരന്തരം പരിശ്രമിച്ചു. അപ്പോഴാണ് അതിവേഗ റെയിൽ പദ്ധതിക്കുള്ള റിപ്പോർട്ട് കേന്ദ്രത്തിനു കൊടുത്തെന്നും അവർ അംഗീകരിക്കാൻ തയാറാണെന്നും ഇ. ശ്രീധരൻ പറഞ്ഞത്.
കേന്ദ്രസർക്കാരിന്റെ പ്രതികരണം അറിയാനായി കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാൻ കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധിപോയി. പദ്ധതി നിർദേശം സമർപ്പിച്ചു. പ്രതികരണം ഉണ്ടായില്ല. പിന്നീട് റെയിൽവേ മന്ത്രിയെ കണ്ടപ്പോഴും അനുകൂലമായ മറുപടി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിൽ കർണാടക സർക്കാർ പ്രകടിപ്പിച്ച ആശങ്ക അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച മറുപടി കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്ന യാതൊരു വ്യവസ്ഥയും നിയമത്തിലില്ല.
കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല. മലയാളം ഒന്നാം ഭാഷയാക്കുമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും മാതൃഭാഷ മലയാളമല്ലാത്ത കുട്ടികൾക്ക് ആ ഭാഷയോടൊപ്പം മലയാളം പഠിക്കാനുള്ള അവസരം നൽകും. ദേശീയ പാഠ്യപദ്ധതി പ്രകാരം വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാം.
ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശങ്ങളിൽ നിന്നോ എത്തുന്നവർക്ക് പത്താം ക്ലാസിലും ഹയർസെക്കൻഡറി തലത്തിലും മലയാളം പരീക്ഷ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളവും കർണാടകവും തമ്മിലുള്ള സാംസ്കാരിക ബന്ധവും സഹകരണ ഫെഡറലിസവും ഉയർത്തിപ്പിടിച്ചാണ് നിയമനിർമാണം നടത്തിയതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ കുറിച്ചോർത്ത് ഇടതുപക്ഷത്തിന് ഒരാശങ്കയുമില്ല. ഇത് കപട ആത്മവിശ്വാസമല്ല. നിറഞ്ഞ ആത്മവിശ്വാസം തന്നെയാണ്.
കാരണം എൽഡിഎഫ് ജനപക്ഷത്താണ്. ജനങ്ങൾക്ക് തങ്ങളെ അറിയാം. തങ്ങൾക്ക് ജനങ്ങളെയും അറിയാം. അതുകൊണ്ട് പ്രതിപക്ഷം എന്തു പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ്. എന്നാൽ ’അതുക്കും മേലെ’ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഡിഎ അവകാശമല്ലെന്ന നിലപാട് സംസ്ഥാന സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിഎ സംസ്ഥാന ജീവനക്കാർക്ക് ഉള്ളതു തന്നെയാണ്. പക്ഷേ അതൊരു സ്റ്റാറ്റ്യൂട്ടറി അവകാശമാക്കി മാറ്റിയാലുള്ള സ്ഥിതി എന്താകുമെന്ന് പ്രതിപക്ഷത്തിനും അറിയാമല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേൽ നിയമസഭയിൽ നടന്ന നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണ നിലയിൽ സർക്കാർ ഡിഎ നൽകാറുണ്ട്. അതു നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർക്കാരിന്റെ പൊതു നിലപാട് ഡിഎ കൊടുക്കുക എന്നതാണ്. അക്കാര്യത്തിൽ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സമീപനത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പ്രതിപക്ഷം പങ്കാളികളാകുന്നില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കൾ അടക്കം പങ്കെടുക്കരുതെന്ന നിലപാടും കേരളത്തിലെ നേതാക്കൾ സ്വീകരിച്ചു. അടുത്ത മാസം 12 നു നടക്കുന്ന ദേശീയ പണിമുടക്കിലും കേരളത്തിൽ യോജിച്ചുള്ള പ്രക്ഷോഭം വേണ്ടെന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഐഎൻടിയുസിയെയും എസ്ടിയുവിനെയും വിലക്കി. ഇതിന്റെ പിന്നിലുള്ള താൽപര്യം ബിജെപിയെ സുഖിപ്പിക്കലാണ്. പലകാലങ്ങളിൽ കോണ്‍ഗ്രസ് ബിജെപിയോട് കാണിച്ച മൃദുസമീപനത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ഇത് കേരളത്തിനാകെ അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയ്ക്കെതിരേ എല്ലാകാലത്തും ശരിയായ നിലപാട് സ്വീകരിച്ചിട്ടുള്ളത് എൽഡിഎഫാണ്. വർഗീയതയെ എതിർത്താൽ അത് ഏതെങ്കിലും മതവിഭാഗത്തിന് എതിരാകുമോ എന്ന് ഇടതുപക്ഷം ചിന്തിക്കാറില്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയ്ക്കെതിരായി എൽഡിഎഫ് ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്പോൾ എൽഡിഎഫ് ആ സമൂഹങ്ങൾക്കെതിരാണെന്ന തെറ്റിദ്ധാരണ പടർത്തുകയാണ് യുഡിഎഫ്. നിലനിൽപിനു വേണ്ടി പ്രതിപക്ഷം എന്തും ആയുധമാക്കാൻ ശ്രമിക്കുന്നു. ഇത് ആത്മഹത്യാപരമാണ്.
കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ ഒരു വർഗീയ ശക്തികളും തലപൊക്കിയിട്ടില്ല. ഒരു വർഗീയ സംഘർഷങ്ങളുമുണ്ടായിട്ടില്ല. വർഗീയ സംഘടനകൾ കേരളത്തിലില്ലാത്തതു കൊണ്ടല്ല ഇത്. അവരെ ചാരി ആരും നിൽക്കുന്നില്ല എന്നതാണ് അതിനു കാരണം. അവരിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് സംരക്ഷണമില്ല. ആരായാലും വർഗീയ സംഘർഷത്തിന്റെ ഭാഗമായി മുന്നിട്ടിറങ്ങിയാൽ അതിനെതിരേ കർക്കശമായ സമീപനമാണ് സർക്കാർ സ്വീകരിച്ചു പോരുന്നത്. അതു കൊണ്ടു തന്നെയാണ് വർഗീയ സംഘർഷങ്ങളില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ കേരളം എന്തോ വലിയ തെറ്റു ചെയ്തു എന്നാണ് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത്. രാജ്യത്തുള്ള ഏത് കോണ്‍ഗ്രസ് സർക്കാരാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തത്. ആദ്യം വിട്ടുനിന്നവർ പോലും പിന്നീട് പദ്ധതിയുടെ ഭാഗമായെന്നും ഇക്കാര്യം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കൾക്കറിയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഒരിക്കലും ഇവിടെ നടപ്പിലാകില്ല എന്നു പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ അവിശ്വാസനീയമായ മാറ്റങ്ങൾ ഉണ്ടാക്കാനായി. ഇക്കാര്യങ്ങളും ഭാവിയെ കുറിച്ചുള്ള രൂപരേഖയും ജനങ്ങൾക്കു മുന്നിൽ കൃത്യമായി അവതരിപ്പിക്കും. ജനങ്ങളെ വ്യാമോഹിപ്പിക്കുക എന്ന അജൻഡ എൽഡിഎഫിനില്ല. എന്നാൽ പ്രതിപക്ഷം മുന്നിൽ കാണുന്നത് മഹാന്ധകാരം നിറഞ്ഞ ഭാവിയാണ്. അതിനാൽ ഒരു തരം രാഷ്ടീയ നിസഹായതയിലാണ് പ്രതിപക്ഷം. അതുകൊണ്ടാണ് അവർ സർക്കാരിനെതിരായി നുണപ്രചാരണം നടത്തുന്നത്.
വികസനത്തിന്റെ പാതയിൽ സർക്കാർ ഒരടി പോലും പിന്നോട്ടു വയ്ക്കില്ല. അതിനെതിരേ പ്രവർത്തിക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെടുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കോട്ടയം: തെരഞ്ഞെടുപ്പ് മുന്നൊരുക്കള്‍ക്കും പ്രരംഭ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കുമായുള്ള സിപിഎം ജില്ലാ കമ്മിറ്റികളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു പങ്കെടുക്കും. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് പിണറായി പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരുന്നത്.
കോഴിക്കോട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്തു കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കമ്മിറ്റികളുടെ യോഗം ചേരും.
ജില്ലാ സെക്രട്ടേറിയേറ്റ് യോഗങ്ങളിലും നിയോജക മണ്ഡലം സെക്രട്ടറിമാര്‍ കൂടി പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
Kerala
തിരുവനന്തപുരം: മഹാമാരിയും പ്രകൃതിദുരന്തങ്ങളും നേരിട്ട സന്ദർഭത്തിൽ വിവിധ രാജ്യങ്ങൾ നൽകാനിരുന്ന ദുരിതാശ്വാസ സഹായം കേന്ദ്രസർക്കാരിന്റെ പിടിവാശി മൂലം നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ചില രാജ്യത്തിലെ ഭരണാധികാരികൾ കേരളത്തിനു സഹായം നൽകാനായി മുന്നോട്ടു വന്നിരുന്നു. പക്ഷേ കേന്ദ്ര സർക്കാർ അത്തരം സഹായങ്ങൾ സ്വീകരിക്കില്ലായെന്നു കർക്കശ നിലപാട് എടുത്തതിന്റെ ഭാഗമായി അവ കേരളത്തിനു ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 5715.92 കോടി രൂപയും രണ്ടാം ഇടതുസർക്കാരിന്റെ കാലത്ത് ഇതുവരെ 2569.15 കോടി രൂപയും ചികിത്സാ സഹായം നൽകി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉത്തരവായിട്ടും നൽകാതിരുന്ന 36.40 കോടി രൂപയുടെ കുടിശിക എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണു കൊടുത്തുതീർത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ പേരിൽ പ്രതിപക്ഷം നിയമസഭയിൽ നടത്തുന്ന സമരം ഹൈക്കോടതിക്കെതിരേയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്. എസ്ഐടിയെ നിരീക്ഷിക്കുന്നതും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതും കോടതിയാണ്.
നിയമസഭ കവാടത്തിലാണെങ്കിലും പ്രതിപക്ഷം നടത്തുന്ന സമരം ഹൈക്കോടതിക്ക് എതിരായ സമരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.